അച്ഛന്റെ മരണം തിരക്കി വന്നപ്പോഴാണ് അഡ്വാന്‍സ് കൊടുത്തതിനെ പറ്റി പറഞ്ഞത്! ഇന്നും ആ തുക വലുതാണ്; അനന്തപത്മനാഭന്‍
മലയാള സിനിമയ്ക്ക് കനത്ത നഷ്ടം നല്‍കി കൊണ്ട് പ്രമുഖ നിര്‍മാതാവ് അരോമ മണിയുടെ വിയോഗമുണ്ടായിരിക്കുകയാണ്. ൂപ്പര്‍താരങ്ങളടക്കം പലരും മണി സര്‍ എന്ന് അഭിസംബോധന ചെയ്യുന്ന താരം ഇക്കാലയളവില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് നിര്‍മ്മിച്ചത്. 1977 ല്‍ നിര്‍മാതാവിന്റെ റോളിലേക്ക് എത്തിയ താരം 2013 ലാണ് അവസാനത്തെ ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനിടയില്‍ നടക്കാതെ പോയ ചില സിനിമകളുമുണ്ട്. അക്കൂട്ടത്തിലൊന്നിനെ പറ്റി പറയുകയാണ് അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍. അരോമ മണിയുടെ വിയോഗത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെ തന്റെ പിതാവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തെ പറ്റിയാണ് താരം സൂചിപ്പിച്ചിരിക്കുന്നത്.

പത്മരാജനൊപ്പം അടുത്തതായി ഒരു സിനിമ ചെയ്യാന്‍ അഡ്വാന്‍സ് വരെ കൊടുത്തിരുന്നെങ്കിലും അതിന് മുന്‍പ് തന്റെ പിതാവിന്റെ വേര്‍പാടുണ്ടായി. ഇന്നും വലിയ തുകയായ പൈസ അഡ്വാന്‍സായിട്ട് അച്ഛന് അദ്ദേഹം കൊടുത്തിരുന്നു എന്നാണ് അനന്തപത്മനാഭവന്‍ പറയുന്നത്.
'ഒരിക്കലും കഥയില്‍ ഇടപെടാതെ സംവിധായകന് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിര്‍മ്മാതാവ്. ഇങ്ങനെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ 'കള്ളന്‍ പവിത്രന്‍' ' തിങ്കളാഴ്ച്ച നല്ല ദിവസം' എന്ന ചിത്രങ്ങള്‍ സംഭവിക്കില്ലായിരുന്നു. രണ്ടും പരീക്ഷണങ്ങള്‍. അച്ഛന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ തീയേറ്ററില്‍ വിജയിച്ച ആദ്യ ചിത്രം 'പവിത്ര ' നായിരുന്നു.
ഐഎഫ്എഫ്‌ഐ യില്‍ തിരഞ്ഞെടുക്കപ്പെടുകയും അത് വഴി ദൂരദര്‍ശന്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ചിത്രം നിരൂപകപ്രശംസക്കൊപ്പം നല്ല ലാഭമായി.
'തിങ്കളാഴ്ച്ച നല്ല ദിവസം' തീയേറ്ററില്‍ പരാജയപ്പെട്ടപ്പോഴും ദേശീയ പുരസ്‌ക്കാരവും ഐഎഫ്എഫ്‌ഐ പ്രവേശനവും നേടി നഷ്ടം നികത്തി. മണി സര്‍ അരോമയുടെ ഓഫീസില്‍ വെച്ചിരിക്കുന്ന പടവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഈ സിനിമയുടെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
അച്ഛന്റെ വേര്‍പാടിന് തൊട്ട് മുമ്പും വരുന്ന 'ഏതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി ' ഒരു അഡ്വാന്‍സ് അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. കഥ ഒന്നും അറിയണ്ട. ഏല്‍പ്പിക്കുന്ന ആളിലുള്ള വിശ്വാസം!

അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എന്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു, 'അച്ഛന് ഞാന്‍ ഒരു അഡ്വാന്‍സ് ഏല്‍പിച്ചിരുന്നു. പോട്ടെ!.. പോയില്ലേ!' ആ അഡ്വാന്‍സ് ചെറിയതായിരുന്നില്ല. 50000 രൂപ ഇക്കാലത്ത് പോലും ഒരു ചെറിയ അഡ്വാന്‍സല്ലല്ലോ.
നല്ല സിനിമകള്‍ക്കായി നിലകൊണ്ട ഒന്നാന്തരം ഒരു നിര്‍മ്മാതാവിനെ, മനുഷ്യസ്‌നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു. മണി സാറിന് സ്വസ്തി...' എന്നും പറഞ്ഞാണ് അനന്തപത്മനാഭന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അറുപത്തിരണ്ടോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള നിര്‍മാതാവായിരുന്നു അരോമ മണി. 62 എണ്ണത്തില്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് പരാജയപ്പെട്ടതെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവരും ഞെട്ടും. മലയാള സിനിമയില്‍ വന്ന് പോയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭാഗ്യമുള്ള നിര്‍മാതാവായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി സിനിമയും നിര്‍മാണവുമൊക്കെ നിര്‍ത്തി വെച്ച താരം വിശ്രമ ജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് ഇന്ന് അന്ത്യം സംഭവിച്ചത്.


Click it and Unblock the Notifications











