സ്‌പോര്‍ട്‌സ് ബ്രാ ധരിച്ചതിന് കൈയ്യേറ്റ ശ്രമം! സംയുക്ത ഹെഗ്ഡെയോട് മാപ്പ് പറഞ്ഞ് കവിത റെഡ്ഡി
നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയതിന് മാപ്പ് പറഞ്ഞ് ആക്ടിവിസ്റ്റ് കവിതാ റെഡ്ഡി. പൊതുസ്ഥലത്ത് സ്‌പോര്‍ട്‌സ് ബ്രായും പാന്റ്‌സും ധരിച്ച് വ്യായാമം ചെയ്തതിനായിരുന്നു നടിയെയും സുഹൃത്തുക്കളെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സംയുക്ത തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരുന്നത്. അഗാര തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ നടിയും സുഹൃത്തുക്കളും വ്യായാമം ചെയ്യുന്നതിനിടെയാണ് കവിതാ റെഡ്ഡി ഇവരെ ചോദ്യം ചെയ്തത്.

തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകളും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. അതേസമയം സെപ്റ്റംബര്‍ നാലിന് നടന്ന സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിരുന്നു എന്ന് കവിത റെഡ്ഡി കുറിച്ചു. സംയുക്ത ഹെഗ്‌ഡെയും അവരുടെ സുഹൃത്തുക്കളും സുരക്ഷിതമായ സ്ഥലത്തായിരുന്നു, അത് ലംഘിക്കപ്പെട്ടു. പാര്‍ക്കില്‍ നടന്ന എല്ലാത്തിനും ഞാന്‍ സംയുക്തയോടും അവരുടെ സുഹൃത്തുക്കളോടും മറ്റെല്ലാവരോടും നിരുപാധികമായി ക്ഷമ ചോദിക്കുന്നു.
Recommended Video
ഒരു സ്ത്രീ എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും പറയാന്‍ ആര്‍ക്കും അവകാശമില്ല. സംഭവത്തെക്കുറിച്ചുളള എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഞാന്‍ ഖേദിക്കുന്നു, ഒപ്പം അത് പിന്‍വലിക്കുകയും ചെയ്യുന്നു കവിത റെഡ്ഡി പറഞ്ഞു. അതേസമയം കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് ശക്തമായതിന് പിന്നാലെയാണ് സംയുക്തയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ അതിക്രമം ഉണ്ടായത്. ലൈവ് വീഡിയോയിലൂടെ സംഭവം പുറം ലോകത്തെ അറിയിച്ച നടി തന്റെ വസ്ത്രമാണ് ആക്രമണത്തിന് കാരണമെങ്കില്‍ നിങ്ങളിത് കാണൂ എന്ന് പറഞ്ഞ് വസ്ത്രമഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
വ്യായാമം ചെയ്യുന്ന സമയത്ത് ഒരു മുതിര്‍ന്ന സ്ത്രീ വന്ന് ഞങ്ങളോട് മോശമായി സംസാരിക്കുകയായിരുന്നു. നിങ്ങളെന്താ കാബ്രെ ഡാന്‍സ് കളിക്കുകയാണോ എന്നായിരുന്നു ചോദിച്ചത്. ഇതുപോലുളള വസ്ത്രം ധരിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ കരഞ്ഞുകൊണ്ട് വരരുതെന്നും ഇവര്‍ പറഞ്ഞു. പിന്നാലെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഞങ്ങള്‍ക്കെതിരെ അസഭ്യം പറയുകയും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞങ്ങളെ ഒന്നാകെ വളഞ്ഞ ശേഷം എന്റെ സുഹൃത്തിനെ ആ സ്ത്രീ മര്‍ദ്ദിച്ചു. തുടര്‍ന്ന് പാര്‍ക്കില്‍ ലോക്ക് ചെയ്തു. പിന്നീട് പോലീസ് എത്തി ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ തെറ്റൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് ഒരു പോലീസുകാരന്‍ ഞങ്ങളെ വെറുതെ വിടുകയായിരുന്നു. വീഡിയോയില്‍ സംയുക്ത പറഞ്ഞ കാര്യങ്ങളാണിവ.


Click it and Unblock the Notifications