»   » ശ്വേതയുടെ പ്രസവസിനിമ തിയറ്ററിലെത്തില്ല

ശ്വേതയുടെ പ്രസവസിനിമ തിയറ്ററിലെത്തില്ല

Posted By:
Subscribe to Filmibeat Malayalam
Liberty Basheer
ബ്ലെസി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന സിനിമയ്‌ക്കെതിരേ തിയറ്ററുടമകളും സംഘടിയ്ക്കുന്നു. ബ്ലെസി ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

കേരളത്തിലെ തിയറ്ററുകളെ ലേബര്‍ റൂമുകളാക്കാന്‍ അനുവദിയ്ക്കില്ലെന്ന് എക്‌സബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ശ്വേതാമേനോന്റെ പ്രസവരംഗങ്ങള്‍ ചിത്രീകരിക്കുന്ന സിനിമയ്‌ക്കെതിരേ സ്പീക്കര്‍ ജി. കാര്‍ത്തികേയനും മറ്റ് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് തിയറ്ററുടമകളും വിമര്‍ശനം ഉന്നയിച്ചിരിയ്ക്കുന്നത്.

സ്ത്രീകളുടെ സ്വകാര്യതയിലേക്കാണ് ഒളിഞ്ഞുനോക്കുന്ന ചിത്രം അനുവദിയ്ക്കാനാവില്ലെന്ന കാര്‍ത്തികേയന്റെ അതേവാദം തന്നെയാണ് ലിബര്‍ട്ടി ബഷീറും ഉന്നയിക്കുന്നത്. സിനിമയ്‌ക്കെതിരേ സംസ്ഥാനത്തെ സ്ത്രീ സംഘടനകള്‍ രംഗത്തുവരണമെന്നു സ്പീക്കര്‍ ആഹ്വാനം ചെയ്തിരുന്നു. സ്പീക്കര്‍ക്ക് സര്‍വവിധ പിന്തുണയും ഫിലിം എകസിബിറ്റേഴ്‌സ് ഫെഡറേഷന്‍ വാഗ്ദാനം ചെയ്യുന്നതായും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സിനിമയില്‍നിന്ന് ശ്വേതാമേനോന്റെ പ്രസവരംഗങ്ങള്‍ നീക്കാതെയാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നതെങ്കില്‍ പ്രദര്‍ശിപ്പിക്കില്ല. പ്രസവരംഗത്തോടെയെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സമകാലിക സാഹചര്യത്തില്‍ ഏതെങ്കിലും സമ്മര്‍ദത്തിലൂടെ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അതേസമയം സ്ത്രീകളുടെ നഗ്നതയും അശ്ലീലരംഗങ്ങളും കച്ചവടച്ചരക്കാക്കുന്ന സിനിമകള്‍ യാതൊരു മുറിച്ചുമാറ്റലുമില്ലാതെ പ്രദര്‍ശിപ്പിയ്ക്കാന്‍ ഉത്സാഹിയ്ക്കുന്ന തിയറ്ററുടമകള്‍ ബ്ലെസി സിനിമയുടെ ഒരു രംഗം പോലും കാണാതെ വിമര്‍ശനമുന്നയിക്കുന്നത് വിരോധാഭാസമാണെന്ന വിലയിരുത്തലും ഉണ്ട്.

പ്രസവരംഗം കാണിച്ച തിയറ്ററിലേക്ക് ആളെ കയറ്റേണ്ട ഗതികേട് തനിയ്ക്കില്ലെന്ന് ബ്ലെസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സിനിമ കാണാതെ വിമര്‍ശിയ്ക്കുന്നവരെ അദ്ദേഹം കണക്കിന് പരിഹസിയ്ക്കുകയും ചെയ്തു. പ്രസവരംഗം ചിത്രീകരിച്ച സിനിമയ്‌ക്കെതിരേ സ്പീക്കര്‍ രംഗത്തുവന്നതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്വേതയുടെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിന്റെ സി.ഡികള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam