'ആഫ്രിക്കയിൽ ജീവിതം അവസാനിക്കുമെന്നാണ് കരുതിയത്', ലോക്ക് ഡൗൺ അനുഭവത്തെ കുറിച്ച് ദിലീഷ് പോത്തൻ
ഒറ്റ സിനിമകൊണ്ട് മലയാള സിനിമയുടെ ദൃശ്യഭാഷ തിരുത്തിക്കുറിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഒട്ടും സിനിമാറ്റിക്കല്ലാതെ സിനിമയെടുത്ത് വിസ്മയിപ്പിച്ച ദിലീഷ് പോത്തൻ ഇന്ന് സംവിധായകൻ, നടൻ, നിർമാതാവ് തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ച് കഴിഞ്ഞു. സ്വാഭാവികമായ അഭിനയവും ദൃശ്യങ്ങളും ദിലീഷ് പോത്തൻ സിനിമകളുടെ പ്രത്യേകതയാണ്. സിനിമ സംവിധാനം ചെയ്യണമെന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രമാണ് ദിലീഷ് പോത്തൻ സിനിമയിലേക്ക് എത്തിയത്. എന്നാൽ പിന്നീട് നടനായും മാറി. ഇന്ന് മനോഹരമായി ഏത് വേഷവും ദിലീഷ് പോത്തൻ കൈകാര്യം ചെയ്യും.

മഹേഷിന്റെ പ്രതികാരമായിരുന്നു ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ആദ്യം റിലീസ് ചെയ്ത സിനിമ. പിന്നീടാണ് സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ, നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ തൊണ്ടിമുതലും ദൃക്സാക്ഷിയും പിറന്നത്. ശേഷം ജോജി എന്ന സിനിമയാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്തത്. ഫഹദായിരുന്നു ജോജിയിലും നായകൻ. കൊവിഡ് കാലത്ത് റിലീസ് ചെയ്ത സിനിമ ഒടിടിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ ഫദഹിന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് സൗബിനാണെന്ന് പറയുകയാണ് ഇപ്പോൾ ദിലീഷ് പോത്തൻ.
സൗബിനായിരുന്നു ഫഹദ് അവതരിപ്പിച്ച കള്ളന്റെ വേഷം തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു സൗബിൻ അതുകൊണ്ടാണ് ഫഹദിലേക്ക് തൊണ്ടി മുതലും ദൃക്സാക്ഷിയുമെത്തിയത്. മൂന്ന് സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട് ദിലീഷ് പോത്തൻ. കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം എന്നിവയാണ് അത്. തങ്കം ഇതുവരേയും റിലീസിന് എത്തിയിട്ടില്ല. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, അപർണ ബാലമുരളി എന്നിവരാണ് തങ്കത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സോൾട്ട് ആന്റ് പെപ്പറാണ് ദിലീഷ് പോത്തൻ ആദ്യമായി അഭിനയിച്ച സിനിമ. സിനിമാ സംവിധായകന്റെ വേഷമായിരുന്നു ചിത്രത്തിൽ ദിലീഷ് പോത്തന്. പിന്നീട് 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, അഞ്ച് സുന്ദരികൾ തുടങ്ങി നിരവധി സിനിമകൾ ചെയ്തു.
ഏറ്റവും പുതിയതായി ഇനി റിലീസിനെത്താനുള്ള ദിലീഷ് പോത്തന്റെ സിനിമ ജിബൂട്ടിയാണ്. അമിത്ത് ചക്കാലക്കൽ നായകനാകുന്ന സിനിമയിൽ വിദേശ മലയാളിയുടെ വേഷമാണ് ദിലീഷ് പോത്തന്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ജിബൂട്ടി. ചിത്രത്തിൻറെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. കേരളത്തിൽ നിന്ന് ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് എത്തുന്ന യുവാക്കളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, ജയസൂര്യ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലർ നേരത്തെ പുറത്തിറക്കിയത്. ജിബൂട്ടിയുടെ സൗന്ദര്യം മുഴുവൻ പകർന്നെടുത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബൂട്ടിയിൽ നിന്ന് ഒരു പെൺകുട്ടി കേരളത്തിലേക്ക് എത്തുന്നതിൽ നിന്നാണ് കഥ തുടങ്ങുന്നത്. തുടർന്ന് ഈ പെൺകുട്ടിക്കൊപ്പം ആഫ്രിക്കയിലേക്ക് പോകുകയാണ് അമിത്തിന്റെ കഥാപാത്രം. അവിടെ ഇവർ കടന്നുപോകുന്ന പ്രതിസന്ധികളാണ് ജിബൂട്ടി പറയുന്നത്.
ലോക്ക് ഡൗൺ, കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ അണിയറപ്രവർത്തകർ ആഫ്രിക്കയിൽ എത്തുമ്പോഴും കൊവിഡ് മൂർച്ഛിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങി ദിവസങ്ങൾക്കകം ലോക്ക് ഡൗൺ വന്നതോടെ അണിയറപ്രവർത്തകർ പ്രതിസന്ധിയിലായി. 'അവിടെ എത്തുമ്പോൾ കൊവിഡ് ശക്തമായിരുന്നില്ല. കുറച്ച് ഭാഗങ്ങൽ ചിത്രീകരിച്ചു. അപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. പുറത്തിറങ്ങാൻ പറ്റിയിരുന്നില്ല. ഞങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ നിർമാതാവ് അടക്കം എല്ലാവരും ഒരുപാട് ശ്രമിച്ചിരുന്നു. അന്ന് കരുതിയത് ആഫ്രിക്കയിൽ തീരും ജീവിതം എന്നാണ്. ഷൂട്ടിന് ശേഷം ആഫ്രിക്ക കാണണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ലോക്ക് ഡൗൺ മൂലം ഒന്നും നടന്നില്ല' ദിലീഷ് പോത്തൻ പറയുന്നു.


Click it and Unblock the Notifications











