കാത്തിരിപ്പിനൊടുവില്‍ ജല്ലിക്കട്ട് തിയ്യേറ്ററുകളിലേക്ക്! സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്!
കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്‍പ് തരംഗമായ ചിത്രം പ്രേക്ഷകരില്‍ ഒന്നടങ്കം ആകാംക്ഷ വര്‍ധിപ്പിച്ചിരുന്നു. ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലകൃഷ്ണന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒക്‌ടോബര്‍ നാലിനാണ് ജല്ലിക്കെട്ട് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങവേ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്നും പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കെട്ട് പറയുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് പ്രശാന്ത് പിളളയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
എസ് ഹരീഷ്, ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. അങ്കമാലി ഡയറീസ്.ഈമയൗ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം എത്തുന്നത്.


Click it and Unblock the Notifications











