ഇമയൗവിനു ശേഷം ജെല്ലിക്കെട്ടുമായി ലിജോ ജോസ് പെല്ലിശ്ശേരി! സിനിമയുടെ ചിത്രീകരണം ആരംഭിച്ചു!
Recommended Video

അങ്കമാലി ഡയറീസ്,ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെല്ലിക്കെട്ട്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയതുമുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ലിജോ എത്തുന്നതെന്നാണ് അറിയുന്നത്.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനായകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുമെന്നാണ് അറിയുന്നത്. ഓരോ സിനിമയിലും വ്യത്യസ്ത പരീക്ഷിക്കാറുളള ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ജെല്ലിക്കെട്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ജെല്ലിക്കെട്ട്
ജെല്ലിക്കെട്ട് എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോര് ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്ന് എല്ലാവരിലും സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പ്രമേയം ഇപ്പോള്‍ തനിക്ക് വെളിപ്പെടുത്താനാവില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നായിരുന്നു ലിജോ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ഒരുക്കിയ തിരക്കഥയിലാണ് ലിജോ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

താരനിര
ജെല്ലിക്കെട്ടില്‍ വിനായകനൊപ്പം ആന്റണി വര്‍ഗീസും എത്തുന്നുണ്ടെന്നാണ് അറിയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. കരിയറില്‍ വഴിത്തിരിവായ അങ്കമാലി ഡയറീസിനു ശേഷം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലും ആന്റണി അഭിനയിച്ചിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിനു ശേഷം വിനായകനും ആന്റണി വര്‍ഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്.

ഷൂട്ടിംഗ് ആരംഭിച്ചു
ജെല്ലിക്കെട്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന. ആന്റണിക്കും വിനായകനുമൊപ്പം ബിഗ് ബോസ് മലയാളം വിജയി സാബുമോന്‍ അബ്ദുള്‍ സമദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈറേഞ്ചിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണറിയുന്നത്

ഗിരീഷ് ഗംഗാധരന്റെ ചായാഗ്രഹണം
അങ്കമാലി ഡയറീസിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിനു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. പ്രശാന്ത് പിളളയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രങ്ങളായ ആമേന്‍,അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകള്‍ക്കു സംഗീതമൊരുക്കിയിരുന്നതും പ്രശാന്ത് പിളളയായിരുന്നു.തോമസ് പണിക്കാരാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











