ജല്ലിക്കെട്ടിന് ശേഷം ചുഴലിയുമായി ലിജോ ജോസ് പെല്ലിശ്ശേരി? താരങ്ങള്‍ ഇവര്‍
ജല്ലിക്കട്ടിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. റിലീസിന് മുന്‍പ് തരംഗമായ സിനിമ പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ഒരു ചലച്ചിത്രമാണെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയെ ലോകസിനിമകള്‍ക്കൊപ്പം നിര്‍ത്തുന്ന അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ജല്ലിക്കെട്ട് തരംഗമാവുന്നതിനിടെ സംവിധായകന്റെ പുതിയ ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. ചുഴലി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. ജല്ലിക്കെട്ട് തിയ്യേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോസ് പെല്ലിശ്ശേരി ആരംഭിച്ചിരുന്നു. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോജ് ജോസ്, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് ചുഴലി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ മധു നീലകണ്ഠനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











