ജെല്ലിക്കെട്ട് പ്രീമിയറിനായി അണിയറക്കാര്‍ ടൊറന്റോയിലേക്ക്! ആകാംക്ഷയോടെ സിനിമാ പ്രേമികള്‍
മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജെല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വരുന്ന സിനിമയെക്കുറിച്ച് റിലീസിന് മുന്‍പ് തന്നെ മികച്ച പ്രതികരണങ്ങള്‍ വന്നിരുന്നു. അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്. ജെല്ലിക്കെട്ടിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും മറ്റും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ആന്റണി വര്‍ഗീസിന്റെതായി എത്തുന്ന ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്. ജെല്ലിക്കെട്ടിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ ആന്റണി വര്‍ഗീസ് തന്നെയായിരുന്നു തിളങ്ങിയിരുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദും ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജെല്ലിക്കെട്ടിന്റെ ലോക പ്രിമിയര്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ വെച്ചാണ് നടക്കുന്നതെന്ന് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ഇത് സിനിമാ പ്രേമികളെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 5 മുതല്‍ 15വരെയാണ് ടൊറന്റോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേള നടക്കുന്നത്. ഫിലിംഫെസ്റ്റിവലിനായി ജെല്ലിക്കെട്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍, തിരക്കഥാകൃത്ത് എസ് ഹരീഷ്, തുടങ്ങിയവര്‍ യാത്ര പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൊറന്റോയില്‍ ഇത്തവണ ജെല്ലിക്കെട്ടിനൊപ്പം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

രണ്ടു മലയാള സിനിമകളുടെയും ലോകപ്രീമിയര്‍ ഇവിടെ വെച്ചാണ് നടക്കുന്നത്. ജെല്ലിക്കെട്ടിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളായിരുന്നു ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. കുറച്ചുപേര്‍ക്ക് നേരത്തെ സിനിമ കാണുവാനുളള അവസരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ്‌സിന്റെ ജോവ്‌സുമായിട്ടാണ് ജെല്ലിക്കെട്ടിനെ ചിലര്‍ താരതമ്യം ചെയ്തിരിക്കുന്നത്.

എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കികൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ട് എടുത്തിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കെട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications











