എ സര്‍ട്ടിഫിക്കറ്റോടുകൂടെ ലില്ലി വരുന്നു, ഇത് പെണ്ണിന്റെ അതിജീവനത്തിന്റെ കഥ!!
മലയാള സിനിമയില്‍ ഇനി ഒരു എ പടം കൂടെ. എ പടം എന്ന വാക്കിന് അര്‍ത്ഥം അശ്ലീലം എന്ന് മാത്രമല്ല എന്ന് ഒരിക്കല്‍ കൂടെ ശക്തമായി വിളിച്ചോതിക്കൊണ്ടാണ് ലില്ലി എന്ന ചിത്രം എത്തുന്നത്. പെണ്ണിന്റെ അതിജീവനത്തിന്റെ കഥയാണ് ലില്ലി.
പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രശോഭ് വിജയന്‍ ഒരുക്കുന്ന ചിത്രമാണ് ലില്ലി. ടീസര്‍ കൊണ്ട് തന്നെ ലില്ലി പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയിലെ വയലന്റ്‌സ് രംഗങ്ങള്‍ കണക്കിലെടുത്താണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അതിജീവനത്തിന്റെ കഥ
പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്റെയും അതില്‍ നിന്നുള്ള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ലില്ലി എന്ന് ചിത്രത്തിന്റെ ടീസറില്‍ നിന്നും വ്യക്തമാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിയ്ക്കുന്നത്.

പുതുമുഖങ്ങള്‍
പുതുമുഖ താരങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ഒരു കുടുംബം ചിത്രം തന്നെ!!
എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നതുകൊണ്ട് ഇതൊരു കുടുംബ ചിത്രമല്ല എന്നാരും തെറ്റിദ്ധരിയ്ക്കരുത്. ഇന്നത്തെ പശ്ചാത്തലത്തില്‍ സമൂഹത്തിലെവിടെയും ഇത്തരമൊരു സംഭവം സംഭവിച്ചേക്കാം. ഒരു ഷോക്കിങ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ലില്ലി..
ഇത് കണ്ടു നോക്കൂ..
ചിത്രത്തിന്റെ മൂഡ് എതാണെന്ന് മനസ്സിലാക്കാന്‍ ഈ ടീസര്‍ ഒന്ന് കണ്ടുനോക്കൂ. ഒരുമിനിട്ട് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടീസറില്‍ നിന്ന് അറിയാം ചിത്രം വേറെ ലെവലാണ് എന്ന്. സെപ്റ്റംബര്‍ 7 ന് ലില്ലി റിലീസ് ചെയ്യും.


Click it and Unblock the Notifications











