എന്റെ ഇഷ്ടത്തിന് അനുസരിച്ച് നിയമം പാസാക്കാൻ പറ്റില്ല, സാന്ദ്രയെ അസോസിയേഷൻ സപ്പോർട്ട് ചെയ്തിട്ടില്ല: ലിസ്റ്റിൻ
നിലപാടുകളും പ്രവൃത്തികളും കൊണ്ട് എപ്പോഴും കയ്യടി നേടിയിട്ടുള്ള നിർമാതാവും അഭിനേത്രിയുമെല്ലാമാണ് സാന്ദ്ര തോമസ്. എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് സിനിമ മേഖലയുമായി ബന്ധപ്പെട്ട ചില സംഘടനകളുടെ തലപ്പത്തിരിക്കുന്ന പ്രബലരായ ആളുകളിൽ നിന്നും ഉണ്ടായിട്ടുള്ള പ്രവൃത്തികളെ കുറിച്ച് സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരെയായിരുന്നു സാന്ദ്ര പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചത്. ഇതേ തുടർന്ന് നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രയെ പുറത്താക്കിയിരുന്നു.
സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ. മലയാള സിനിമ ചെയ്യാന്‍ സമ്മതിക്കില്ലെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സാന്ദ്ര തോമസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്താന്‍ ഇടയായ സാഹചര്യവും സാന്ദ്ര വിശദീകരിച്ചിരുന്നു.

നിര്‍മാതാക്കളുടെ സംഘടനയുടെ പല തീരുമാനങ്ങളിലും ബി.ഉണ്ണികൃഷ്ണന്റെ ഇടപെടല്‍ ഉണ്ടാവാറുണ്ടെന്നും സാന്ദ്ര പറഞ്ഞിരുന്നു. സംഘടനയിൽ പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ സാന്ദ്രയും പ്രൊഡ്യുസേഴ്സ് അസോസിയേഷനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ലിസ്റ്റിൽ സ്റ്റീഫൻ പ്രതികരിച്ചിരിക്കുകയാണിപ്പോൾ.
തന്റെ ഇഷ്ടത്തിന് അനുസരിച്ച് സംഘടനയിൽ തീരുമാനം എടുക്കാനോ നിയമം പാസാക്കാൻ കഴിയില്ലെന്നും സാന്ദ്രയെ അസോസിയേഷൻ സപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലിസ്റ്റിൻ പറഞ്ഞു. സാന്ദ്ര എന്റെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. അസോസിയേഷനിലുണ്ടായ ഒരു വിഷയത്തിന് സാന്ദ്ര എല്ലാവർക്കും എതിരെ കേസ് കൊടുത്തപ്പോൾ എക്സിക്യൂട്ടീവിലുണ്ടായിരുന്ന എല്ലാവരും പോയി ജാമ്യം എടുക്കുകയും എസ്ഐടിയിൽ പോയി മറുപടി നൽകുകയുമെല്ലാം ചെയ്തു.
എല്ലാവരും സാന്ദ്രയ്ക്ക് എതിരായാണ് പറഞ്ഞത്. ആരും സപ്പോർട്ട് ചെയ്തിട്ടില്ല. ഇതൊരു സംഘടനയാണല്ലോ. ഒരു വ്യക്തിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ലല്ലോ. എന്റെ ഇഷ്ടത്തിന് അനുസരിച്ച് സംഘടനയിൽ നിയമം പാസാക്കാൻ പറ്റില്ല. അവിടെ ഒരു ബൈലോയുണ്ട്. താമസിച്ച് ഒരു സിനിമയുടെ ഡീറ്റെയ്ൽസ് കൊടുത്താൻ പോലും ഫൈനുണ്ട്.
ഞാൻ അടക്കമുള്ളവർ അത്തരം നിയമങ്ങൾ പാലിക്കുകയും സാധിക്കാതെ വരുമ്പോൾ പിഴ അടയ്ക്കുകയും ചെയ്യുന്നവരാണ്. എല്ലാം സിസ്റ്റമാറ്റിക്കായി പോകാനാണ് ഈ കാര്യങ്ങളെല്ലാം. നമ്മുടെ ഇഷ്ടത്തിന് ഒന്നും അവിടെ ചെയ്യാൻ പറ്റില്ല. സാന്ദ്ര തുടർച്ചയായി പല പല കാര്യങ്ങൾ പറയുന്നുണ്ട്.
ആരും ഇതിന് മറുപടി കൊടുക്കുന്നില്ല. ബാധിക്കുന്ന കാര്യമായി തോന്നി കഴിഞ്ഞാൽ റിപ്ലൈ ഉണ്ടാകും എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. നിലനിൽപ്പാണ് എല്ലാവരുടേയും പ്രശ്നമെന്നും അടുത്തിടെയായി അന്യായങ്ങൾ കണ്ട് മടുത്ത് ലിസ്റ്റിനും അതിന്റെ ഭാഗമായി മാറി കഴിഞ്ഞുവെന്നാണ് സാന്ദ്ര തോമസ് പറഞ്ഞത്.

തന്റെ സിനിമയുമായി ബന്ധപ്പെട്ട സീരിയസ് വിഷയം ചർച്ച ചെയ്യാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പോയപ്പോൾ അംഗങ്ങളായ കുറേ പുരുഷന്മാർ തന്റെ വസ്ത്രത്തിലേക്ക് നോക്കി കളിയാക്കി ചിരിച്ചും വഷളത്തരം പറഞ്ഞും പരിഹസിച്ചുവെന്നും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. സംഘടനയിലെ പവർഗ്രൂപ്പിന് എതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തും ഭയപ്പെടുത്തും. എനിക്കും അനുഭവമുണ്ടായിരുന്നു.
അതുപോലെ ഒരു വനിത പ്രൊഡ്യൂസറുടെ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ മറ്റൊരു പ്രൊഡ്യൂസർ അവരെ കയറി പിടിച്ചു. ഈ വിഷയം ലിസ്റ്റിനോട് പറഞ്ഞപ്പോൾ അത് അയാൾ ചേച്ചിയുടെ ഡ്രൈവിങ് ടെസ്റ്റ് ചെയ്തതായിരിക്കുമെന്ന മറുപടിയാണ് വന്നത്. ലിസ്റ്റിൻ ആ സംഭവത്തെ തമാശയാക്കി വിട്ടു എന്നാണ് കഴിഞ്ഞ ദിവസം ജനകീയ കോടതിയിൽ പങ്കെടുത്ത് സംസാരിക്കവെ സാന്ദ്ര പറഞ്ഞത്.
എക്സ്ട്രാ ഡീസന്റെന്ന സുരാജ് വെഞ്ഞാറമൂട് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ ലിസ്റ്റിൻ സ്റ്റീഫൻ. സുരാജും നിർമ്മാണത്തിൽ ലിസ്റ്റിനൊപ്പം പങ്കാളിയാണ്. ഗ്രേസ് ആന്റണിയാണ് സിനിമയിൽ നായിക.


Click it and Unblock the Notifications











