ധ്യാനിനേയും അജുവിനേയും സ്വാഗതം ചെയ്ത് പൃഥ്വിരാജ്! ലവ് ആക്ഷന്‍ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
അച്ഛന്റെ പാത പിന്തുടര്‍ന്നാണ് വിനീതും ധ്യാനും സിനിമയില്‍ അരങ്ങേറിയത്. താരപുത്രനെന്ന വിശേഷണത്തോടെയാണ് എത്തിയതെങ്കിലും സ്വന്തമായ സ്ഥാനം നേടിയെടുത്താണ് ഇരുവരും മുന്നേറുന്നത്. പാട്ടും അഭിനയവും സംവിധാനവും നിര്‍മ്മാണവുമൊക്കെയായി വിനീത് ശ്രീനിവാസന്‍ സിനിമയുടെ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചിരുന്നു. അഭിനേതാവായി അരങ്ങേറിയ ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി എത്തുകയാണെന്ന് വളരെ മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ട ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി എത്തിയത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നയന്‍താരയും നിവിന്‍ പോളിയുമാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ നായികനായകന്‍മാര്‍. തളത്തില്‍ ദിനേശനും ശോഭയുമായാണ് ഇരുവരും എത്തുന്നത്. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് എന്നതല്ലാതെ മറ്റൊരു സാമ്യവും ചിത്രത്തിനില്ലെന്ന് ധ്യാന്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയത്.

ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ധ്യാനിനെ സംവിധായകരുടെ ക്ലബിലേക്കും അജുവിനെ നിര്‍മ്മാതാക്കളുടെ സംഘത്തിലേക്കും സ്വാഗതം ചെയ്യുന്നുവെന്നും ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications