പ്രണയജോഡികളായി നിവിനും നയന്‍താരയും! ലവ് ആക്ഷന്‍ ഡ്രാമയുടെ റീലിസ് ഡേറ്റ് പുറത്ത്! കാണൂ
സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി നായകനാവുന്ന ചിത്രം ഏറെ നാള്‍മുന്‍പെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണി,മിഖായേല്‍ എന്നീ സിനിമകള്‍ക്കു പിന്നാലെയാണ് നിവിന്റെ ലവ് ആക്ഷന്‍ ഡ്രാമയും വരുന്നത്.
വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകന്റെ റോളിലെത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ശ്രീനിവാസനും വീനീതിനും പിന്നാലെയാണ് ധ്യാനും സംവിധാനത്തിലേക്ക് കടന്നിരിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സിനിമയുടെ റിലീസ് സംബന്ധിച്ചുളള വിവരങ്ങളായിരുന്നു വന്നത്.

ലവ് ആക്ഷന്‍ ഡ്രാമ
ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ എല്ലാ ഘടകങ്ങളും ചേര്‍ന്നൊരു സിനിമ ആയിരിക്കും ലവ് ആക്ഷന്‍ ഡ്രാമയെന്നാണ് അറിയുന്നത്. ശ്രീനിവാസന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. സിനിമയില്‍ തളത്തില്‍ ദിനേശനായി നിവിന്‍ പോളി എത്തുമ്പോള്‍ ശോഭയായിട്ടാണ് നയന്‍താരയെത്തുന്നത്.

റൊമാന്‌റിക്ക് കോമഡി
റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമയെന്നും അറിയുന്നു. ചിത്രത്തില്‍ പാലക്കാടുളള ബ്രാഹ്മിണ്‍ പെണ്‍കൊടിയായി നയന്‍താര എത്തുന്നു. അജു വര്‍ഗീസും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയില്‍ നിവിനൊപ്പം പ്രാധാന്യമുളള റോളിലാണ് അജു വര്‍ഗീസ് എത്തുന്നത്. ഉര്‍വശി,ധന്യ ബാലകൃഷ്ണന്‍,ശ്രീനിവാസന്‍,ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

നിര്‍മ്മാണം അജു വര്‍ഗീസ്
അഭിനയത്തിനു പുറമെ അജു വര്‍ഗീസ് തന്നെയാണ് സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്നത്. ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോമോണ്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ പാട്ടുകളും ഒരുക്കുന്നു. സംവിധാനത്തിനു പുറമെ ധ്യാന്‍ ശ്രീനിവാസന്‍ തന്നെയായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥെയഴുതിയിരുന്നത്.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായുളള വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. കേരളത്തിനു പുറമെ ചെന്നൈയിലും സിനിമയുടെ ഷൂട്ടിംഗ് ഉണ്ടാകുമെന്നും അറിയുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനും ടീസറിനുമായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

റിലീസ് ഡേറ്റ്
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലവ് ആക്ഷന്‍ ഡ്രാമ സെപ്റ്റംബര്‍ അഞ്ചിന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. സെപ്റ്റംബറില്‍ ഓണം സമയത്താകും സിനിമ റിലീസിനെത്തുക. സിനിമയുടെ ചിത്രീകരണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നതായാണ് അറിയുന്നത്. പ്രേക്ഷകര്‍ക്ക് മികച്ചൊരു റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നര്‍ സമ്മാനിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. താരങ്ങളുടെ തിരക്കുകള്‍ മൂലമായിരുന്നു സിനിമയുടെ ചിത്രീകരണം നേരത്തെ വൈകിയിരുന്നത്.


Click it and Unblock the Notifications