മമ്മൂട്ടിയുടെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ വന്‍ അഴിച്ചുപണി
ഒട്ടേറെ ചിത്രങ്ങളുടെ ഷൂട്ടിംഗ് ബാക്കി നില്‌ക്കുന്നതും പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാനിരിയ്‌ക്കുന്നതും മമ്മൂട്ടിയെ വലയ്‌ക്കുന്നു.
മുന്‍ തീരുമാനങ്ങളില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി തീരുമാനിച്ചതോടെ ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ വന്‍ അഴിച്ചു പണിയാണ് സൂപ്പര്‍ താരം നടത്തിയിരിക്കുന്നത്. 'ലൗ ഇന്‍ സിംഗപ്പൂര്‍' എന്ന് പേരിട്ടിരിയ്‌ക്കുന്ന റാഫി-മെക്കാര്‍ട്ടിന്‍ ചിത്രം ഒക്ടോബര്‍ ആദ്യ വാരം ആരംഭിയ്‌ക്കാനാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്ലാന്‍.
ഇതോടെ നേരത്തെ തീരുമാനിച്ചിരുന്ന ജോണി ആന്റണിയുടെ 'പട്ടണത്തില്‍ ഭൂതം' ഡിസംബറിലേക്ക് മാറുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. ഇതിനിടെ അടുത്ത നാല് മാസത്തിനുള്ളില്‍ അഞ്ച് ചിത്രങ്ങളുടെ ഷൂട്ടിംഗ് അവസാനിപ്പിയ്‌ക്കാനാണ് താരത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
മായാബസാര്‍, ട്വന്റി ട്വന്റി, വന്ദേമാതരം, കുട്ടിസ്രാങ്ക്, പഴശ്ശിരാജ എന്നിവയുടെ ചിത്രീകരണം പട്ടണത്തില്‍ ഭൂതം ആരംഭിയ്‌ക്കുന്നതിന് മുമ്പ് തീര്‍ക്കും. ഇവയുടെ ഷൂട്ടിംഗ് വൈകിയാല്‍ അതിനനുസരിച്ച് റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ആരംഭിയ്‌ക്കുന്നതും വൈകും.
ഇരട്ട സംവിധായകരായ റാഫി മെക്കാര്‍ട്ടിന്‍മാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലൗ ഇന്‍ സിംഗപ്പൂര്‍ ഹാസ്യത്തിന് മുന്‍ തൂക്കം നല്‌കി നിര്‍മ്മിയ്‌ക്കുന്ന ചിത്രമാണ്.
ആക്രി മച്ചു എന്ന കഥാപാത്രമാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിയ്‌ക്കുക. സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, രാജന്‍ പി ദേവ്, ലാലു അലക്‌സ്, നെടുമുടി വേണു എന്നിങ്ങനെ വന്‍താരനിര തന്നെ ഈ ചിത്രത്തില്‍ അണി നിരക്കും.


Click it and Unblock the Notifications