മഞ്ജുവും ടൊവിനോയും മോഹന്‍ലാലും സമാധാനപ്രിയരാണോ? ലൂസിഫര്‍ ലൊക്കേഷന്‍ ചിത്രം വൈറല്‍!
യുവസൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും ലൂസിഫറിലൂടെ ഒരുമിച്ചെത്തുകയാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ചിത്രമായിരുന്നു ഇത്. വണ്ടിപ്പെരിയാറിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് തിരുവനന്തപുരത്തെ ചിത്രങ്ങളെത്തിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയെത്തുടര്‍ന്ന് ഈ സിനിമയുടെ ചിത്രീകരണവും മാറ്റി വെച്ചിരുന്നു. നാളുകള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് മോഹന്‍ലാലിനൊപ്പമായിരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആ സ്വപ്‌നമാണ് ലൂസിഫറിലൂടെ സഫലമാവുന്നതെന്നും വിവേക് ഒബ്‌റോയ് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ വില്ലനായാണ് അദ്ദേഹം തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ മുന്‍നിര സംവിധായകനായി പൃഥ്വി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവേകിന് പുറമെ ചിത്രത്തിലേക്ക് മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രവും ഇന്ദ്രജിത്തും സുപ്രിയയും ഒരുമിച്ചുള്ളതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മോഹന്‍ലാലും തൂവെള്ള വസ്ത്രവുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുകയാണെന്ന് കേട്ടതിന്റെ ത്രില്ല് മാറുന്നതിന് മുന്‍പെയാണ് വന്‍താരനിര അണിനിരക്കുന്നുവെന്ന് പൃഥ്വി വ്യക്തമാക്കിയത്.


Click it and Unblock the Notifications











