ലൈക്ക പിന്മാറുന്നു, എമ്പുരാനെ രക്ഷിക്കാൻ പണം മറ്റൊരിടത്ത് നിന്നും? പൃഥ്വിരാജിന് തുണയാകുന്നതാര്
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിനോടടുത്തിരിക്കെ അണിയറയിൽ നാടകീയ നീക്കങ്ങളെന്ന് സൂചന. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചത്. എന്നാൽ അവസാന ഘട്ടത്തിൽ ലൈക്ക പിൻമാറുകയാണെന്നും പകരം ഗോകുലം മൂവീസ് സിനിമ ഏറ്റെടുക്കുന്നുണ്ടെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം മാർച്ച് 27 ന് റിലീസെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നാണ് സൂചന.
എമ്പുരാന്റെ പ്രീ റിലീസ് ബിസിനസുമായി ബന്ധപ്പെട്ടാണ് ലെെകയ്ക്ക് എതിർപ്പുകളുള്ളത്. ഇത് കാരണം ഓവർസീസ് റെെറ്റ്സ്, ഒടിടി ബിസിനസ് എന്നിവയിൽ ധാരണയിലെത്താനായില്ലെന്ന് നേരത്തെ സൂചന വന്നിരുന്നു. റിലീസ് അടുത്തിട്ടും എമ്പുരാന്റെ പ്രൊമോഷണൽ ഇവന്റുകൾ തുടങ്ങിയതുമില്ല.

വൻ ബഡ്ജറ്റിൽ ലൈക്ക അടുത്തിടെ നിർമ്മിച്ച പല സൂപ്പർതാര ചിത്രങ്ങളും കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് എമ്പുരാനിലേക്ക് പണം ഇനിയും മുടക്കാൻ ലെെക്ക മടിക്കുന്നത്. ഗോകുലം മൂവീസ് ലൈക്കയ്ക്ക് എമ്പുരാനിൽ ചെലവായ തുക നൽകി ധാരണയിലെത്തിയെന്നാണ് സൂചന. അതേസമയം ലൈക്കയുടെ പേര് എമ്പുരാന്റെ പ്രൊമോ വീഡിയോകളിൽ ഇപ്പോഴുമുണ്ട്. ഇതെന്ത് കൊണ്ടെന്ന ചോദ്യവും ഇതിനിടെ ഉയർന്ന് വരുന്നുണ്ട്.
ഏറെ പ്രതീക്ഷയോടെ ലൈക്ക നിർമ്മിച്ച തമിഴ് ചിത്രങ്ങളിൽ പലതും നിരാശയാണ് സമ്മാനിച്ചത്. ഒടുവിൽ റിലീസ് ചെയ്ത വിടാമുയർച്ചി ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കോടികളാണ് ലൈക്കയ്ക്ക് നഷ്ടം. തമിഴകത്ത് വൻ ബോക്സ് ഓഫീസ് വാല്യുവുള്ള അജിത്ത് നായകനായ ചിത്രമാണ് വിടാമുയർച്ചി. തൊട്ട് മുമ്പ് ചെയ്ത രജിനികാന്ത് ചിത്രം വേട്ടയാനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
നിലവിൽ ലെെക്കയുടെ സാഹചര്യം മോശമാണെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന സിനിമയുടെ അപ്ഡേറ്റുകളും വെെകിയിരുന്നു. അന്നും ആരാധകരിൽ നിന്ന് പഴി കേട്ടത് ലെെക്കയ്ക്കാണ്. ഇൻഡസ്ട്രിയിൽ ഇനി ശ്രദ്ധാപൂർവം നീങ്ങാനാണ് ലെെക്കയുടെ തീരുമാനം.. തമിഴകത്തെ പരാജയങ്ങൾ മലയാളത്തിലേക്ക് വരുമ്പോഴും ആവർത്തിച്ചാൽ ലെെക്കയെ ഇത് സാരമായി ബാധിച്ചേക്കും.
റിലീസിംഗിലെ പ്രശ്നങ്ങൾ കാരണം ലെെക്കയെ മാറ്റി നിർത്തി എമ്പുരാൻ പുറത്തിറക്കാൻ ആശിർവാദ് സിനിമാസ് ശ്രമം നടത്തിയിരുന്നെന്ന് നേരത്തെ സൂചനകൾ വന്നിരുന്നു. എമ്പുരാൻ ടീം ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതോടയേ അഭ്യൂഹങ്ങൾക്ക് അവസാനമാകൂ. പൃഥ്വിരാജിന്റെ സ്വപ്ന പ്രൊജക്ടാണ് എമ്പുരാൻ. ആദ്യ ഭാഗം ലൂസിഫർ വൻ ഹിറ്റായിരുന്നു.

സംവിധായകനായി ലൂസഫറിലൂടെ കഴിവ് തെളിയിക്കാൻ പൃഥ്വിരാജിന് സാധിച്ചു. ലൂസിഫറിനേക്കാൾ വലിയ പ്രൊജക്ടാണ് എമ്പുരാൻ. ഹോളിവുഡ് ലെവൽ മേക്കിംഗാണ് എമ്പുരാനിലെന്ന് സംസാരമുണ്ട്. മോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്ന, പൃഥ്വിരാജിന്റെ കരിയറിൽ നിർണാായകമായ എമ്പുരാന് അവസാന ഘട്ടത്തിൽ ഇങ്ങനെയാെരു പ്രതിസന്ധി വന്നത് ആരാധകരെയും നിരാശരാക്കുന്നുണ്ട്.
മോഹൻലാൽ-പൃഥിരാജ് കൂട്ടുകെട്ടിനൊപ്പം മുരളി ഗോപിയുടെ തിരക്കഥയുമായപ്പോൾ ലൂസിഫർ മോളിവുഡിലെ സൂപ്പർ ഹിറ്റുകളിലൊന്നായി. എമ്പുരാനിലും ഈ വിജയം ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വൻ ഹൈപ്പിലെത്തിയ ആശിർവാദ് സിനിമാസിന്റെ പല സിനിമകളും അടുത്ത കാലത്ത് പരാജയപ്പെട്ടിട്ടുണ്ട്. അതിനാൽ മാർച്ച് 27 ന് എന്ത് സംഭവിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. ബറോസിന്റെ പരാജയത്തിന് ശേഷം ശക്തമായ തിരിച്ച് വരവ് മോഹൻലാലിന് എമ്പുരാനിലൂടെ സാധ്യമാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications