സസ്പെന്‍സ് ത്രില്ലറുമായി എംഎ നിഷാദും സംഘവും! തെളിവ് ഒക്ടോബര്‍ 18ന് തിയേറ്ററുകളിലേക്ക്!
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. തുടക്കം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് സിനിമകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശ്രദ്ധേയമായി മാറുന്നത്. തന്റെ പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് എംഎ നിഷാദ്. സസ്‌പെന്‍സ് ത്രില്ലറായ തെളിവ് ഒക്ടോബര്‍ 18നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. സിനിമയുടെ പോസ്റ്റുകളും ട്രെയിലറുമെല്ലാം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. മോഹന്‍ലാലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്.

ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ, സയിദ് മൊഹസിന്‍ ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഇഥിക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രേംകുമാറാണ് തെളിവ് നിര്‍മിച്ചത്. എം. ജയച്ചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.


Click it and Unblock the Notifications