കോടതിയിൽ പരാതി പറയാൻ തയ്യാറാവാതെ നടപടി ആവശ്യപ്പെടുന്നതിലെ ഔചിത്യം എന്താണ്?; പാർവതിയോട് മാലാ പാർവതി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകൾ പുറത്ത് വന്നപ്പോൾ അതിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം നടി പാർവതി തിരുവോത്ത് സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകൾ ചർച്ചയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായില്ലേ നടപടികൾ എന്തെങ്കിലുമായോ മുഖ്യമന്ത്രി..? എന്നാണ് നടി വിമർശിച്ച് കുറിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് മൊഴി നൽകിയവരിൽ പലരും പറഞ്ഞതോടെയാണ് കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം വന്നത്.
നടിയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെ ഇപ്പോഴിതാ പാർവതിക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് മാലാ പാർവതി. കോടതിയിൽ പോയി പരാതി പറയാൻ തയ്യാറാവാതെ നടപടി ആവശ്യപ്പെടുന്നതിലെ ഔചിത്യം എന്താണ് എന്നാണ് നടിയോട് മാല പാർവതി സോഷ്യൽമീഡിയ പോസ്റ്റിലൂടെ ചോദിച്ചത്.

മാലാ പാർവതിയുടെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ തുടർന്ന് വായിക്കാം... അഞ്ച് വർഷമായി സർക്കാർ എന്ത് ചെയ്തുവെന്ന് പാർവ്വതി തിരുവോത്തിൻ്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമെ കാണാൻ സാധിക്കുന്നുള്ളുവെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഹേമാ കമ്മിറ്റി വെച്ചതും എസ്ഐടി രൂപീകരിച്ചതും ഡബ്ലുഡിസിയുടെ പ്രവർത്തനങ്ങളും സ്ത്രീകളെ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വരാൻ അക്കാദമി ചെയ്യുന്ന കാര്യങ്ങളും കരട് രേഖ ചമയ്ക്കുന്നതിൻ്റെ ചർച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ എന്നൊരു സംശയം. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്ത് തുടങ്ങിയ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കാമായിരുന്നുവെന്ന് മാലാ പാർവതി പറയുന്നു.
ഒരു സഹപ്രവർത്തക എന്നോട് രഹസ്യമായി പങ്കുവെച്ച ഒരു ദുരനുഭവം ഹേമ കമ്മിറ്റിയുടെ മുന്നിൽ ഞാൻ പറഞ്ഞത് സിനിമയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്കറിയാവുന്നതെല്ലാം അവരും അറിയണമെന്ന ആഗ്രഹത്തിലാണ്. നാളെ സിനിമയിൽ പ്രവർത്തിക്കാൻ വരുന്ന സ്ത്രീകൾക്ക് ഗുണമാകും എന്ന ആഗ്രഹത്താൽ. വർഷങ്ങൾക്ക് മുമ്പ് പങ്കുവെച്ച ആ വിഷയങ്ങളിൽ എഫ്ഐആർ ഇട്ടുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി.
എൻ്റെ സ്വന്തം അനുഭവങ്ങള സംബന്ധിച്ച് തെളിവ് കൊടുക്കാൻ പോയപ്പോൾ ആ വിഷയത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്തവരെ സാക്ഷിയാകാൻ വിളിക്കുന്നുവെന്നും അതവരുടെ ജീവിതത്തിൽ പ്രശ്നമുണ്ടാക്കുന്നുവെന്നും അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വിഷമമുണ്ടായി. പക്ഷെ അതിനെക്കാൾ വിഷമിപ്പിച്ചത് എൻ്റെ സഹപ്രവർത്തക പറഞ്ഞ കാര്യത്തെ കുറിച്ച് എഫ്ഐആറുണ്ടെന്ന് അറിഞ്ഞപ്പോഴാണ്.

എസ്ഐടിയിൽ മൊഴി കൊടുക്കാൻ പോയപ്പോഴാണ് ഞാനത് അറിയുന്നത്. അപ്പോൾ തന്നെ ആ കുട്ടിയെ ഫോണിൽ വിളിച്ചു. ആ പെൺകുട്ടി എന്നോട് ക്ഷോഭിച്ചു. എങ്ങനെയും പേര് ഒഴിവാക്കണമെന്നും അവർ നേരിട്ടതിനെക്കാൾ വലിയ ഉപദ്രവം ചെയ്തത് ഞാനാണെന്നും പറഞ്ഞപ്പോൾ പരിഹാരം കാണാനായാണ് സുപ്രീം കോടതിയിൽ പോയത്. അത് ശരിയായിരുന്നോ തെറ്റായിരുന്നോ ചെയ്തത് എന്നതിനെക്കാൾ ഈ വിഷയത്തിൽ ക്ലാരിറ്റി ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. കൃത്യമായ ഒരു ഉത്തരവാണ് കോടതി തന്നത്.
ഹേമാ കമ്മിറ്റിയിൽ പോയ ഭൂരിഭാഗം പേരും എസ്ഐടിയുമായി സഹകരിക്കില്ലെന്ന് മനസിലാക്കിയിരുന്നില്ല. കോടതിയിൽ മൊഴി കൊടുക്കാൻ മൂന്ന് തവണ നോട്ടീസ് വന്നു. എനിക്കും വന്നിരുന്നു. സുപ്രീം കോടതിയിലെ കേസ് ഉള്ളത് കൊണ്ട് കോടതിയിൽ പോയില്ല. പക്ഷെ നട്ടെല്ലുള്ള നിലപാടുള്ള സഹപ്രവർത്തകരും പോകാത്തത് എന്നെ വിസ്മയിപ്പിച്ചു. കോടതിയിൽ പോയി നമ്മുടെ പരാതി പറയാതെ നമ്മുടെ പക്ഷം പറയാതെ നിയമ നടപടി ഉണ്ടാകണമെന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല.
ഗവൺമെൻ്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്?. ഹേമാ കമ്മിറ്റിയിൽ മൊഴി കൊടുത്ത പ്രകാരം കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ കൂടുതൽ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ?. നാച്വറൽ ജസ്റ്റിസിന് എതിരായി ഗവൺമെൻറ് നിലപാടെടുക്കണം എന്നാണോ?. കോടതിയിൽ പോയാൽ സിനിമയിൽ അവസരം നഷ്ടപ്പെടുത്തും, വെച്ചേക്കത്തില്ല അതുകൊണ്ട് മൊഴി കൊടുത്തത് തന്നെ ധാരാളം ചെയ്തത് മതി. ഇനി നടപടിയുണ്ടാവട്ടെ എന്ന വാദം യോജിക്കാനാവാത്തതാണ്. പറയുന്നതിൽ അൽപം കൂടി വ്യക്തത വരേണ്ടതുണ്ട് എന്നാണെൻ്റെ അഭിപ്രായം.
സ്ത്രീകൾ പറഞ്ഞതുകൊണ്ട് നടപടി എന്നതും ശരിയല്ല. Right To Be Heard എന്നത് ഒരു ഫണ്ടമെൻ്റൽ പ്രിൻസിപ്പിളാണ്. അത് പെണ്ണിനും ആണിനും കൊടുക്കേണ്ടത് ഒരു ഗവൺമെന്റിൻ്റെ ഉത്തരവാദിത്വമാണെന്നുമാണ് മാലാ പാർവതി കുറിച്ചത്. നടിയുടെ കുറിപ്പ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രേക്ഷകരുടെ പ്രതികരണങ്ങളുണ്ട്.


Click it and Unblock the Notifications











