സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്, ജയിക്കാൻ എന്തും ചെയ്യും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം: മാല പാർവതി
നടി ശ്വേത മേനോനെതിരെയുള്ള കേസ് വിവാദ വിഷയമാകുന്നു. പൊതുപ്രവർത്തകനായ മാർച്ചിൻ മേനാച്ചേരി എന്ന വ്യക്തിയാണ് ശ്വേത സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു എന്ന പരാതി നൽകിയിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്വേത മേനോൻ അഭിനയിച്ച സിനിമകളിലെ രംഗങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. സിനിമാ സംഘടനയായ അമ്മയുടെ ഇലക്ഷന് ശ്വേത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തുടരുകയാണ് ഇതിനിടെയാണ് കേസ്. ശ്വേതയ്ക്ക് നേരെ വന്നിരിക്കുന്ന പരാതിക്കിടെ നടി മാല പാർവതി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് വരുന്നതെന്ന് മാല പാർവതി പറയുന്നു.

"അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹൻലാലും, മമ്മൂക്കയും നേതൃത്വം നൽകിയതിൻ്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ"
"ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്"

"ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം.ബാലിശ്ശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്" മാല പാർവതിയുടെ കുറിപ്പിങ്ങനെ. പരാതി തന്നെ അമ്പരപ്പിച്ചു എന്നാണ് ശ്വേത മേനോൻ പ്രതികരിച്ചത്. ജങ്കാർ എന്ന സിനിമയിലാണ് ശ്വേതയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
സിനിമാ ലോകത്ത് നിന്നും ഇതിനോടകം വലിയ പിന്തുണ ശ്വേതയ്ക്ക് ലഭിച്ചിട്ടുണ്ട്. സെൻസർബോർഡിന്റെ അനുമതിയോടൊണ് പരാതിക്കാധാരമായ സിനിമകൾ ഇറങ്ങിയതെന്ന് നടൻ ദേവൻ പ്രതികരിച്ചു. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല അഭിനേതാക്കളെന്നും ശ്വേത മേനോനെതിരായ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും നടൻ രവീന്ദ്രനും ചൂണ്ടിക്കാട്ടി. പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ശ്വേതയെ പിന്തുണച്ച് കൊണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
താര സംഘടനയുടെ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ത്രീകളെ തളർത്താനുള്ള ശ്രമങ്ങളാണ് കുറച്ച് നാളുകളായി നടക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അവരെ തോൽപ്പിക്കാൻ ശ്രമിച്ചത് കുറച്ച് സ്ത്രീകളാണ്. മൂന്ന് നാല് സ്ത്രീകൾ വന്ന് പലതും പറയുമ്പോൾ എന്തുകൊണ്ട് ഇതുവരെ സംഘടന ഭരിച്ചിരുന്ന പുരുഷൻമാർ എന്ത് വൃത്തികേടാണ് ഈ കാണിക്കുന്നതെന്ന് ചോദിക്കുന്നില്ല. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി ബാബുരാജ് ഉൾപ്പെടെയുള്ളവരെ ഉദ്ദേശിച്ചാണ് താനിക്കാര്യം ചോദിക്കുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications











