രാജി വെച്ചവരുടെ പുതിയ സംഘടന 16ന്
മാക്ടയില്‍ നിന്നും രാജി വെച്ച് പുറത്തു പോയ സംവിധായകരുടെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള പുതിയ സംഘടന ഈ മാസം 16ന് പ്രഖ്യാപിയ്‌ക്കും. ട്രേഡ് യൂണിയന്‍ സ്വഭാവമുള്ളതായിരിക്കും പുതിയ സംഘടനയെന്ന് സൂചനകളുണ്ട്.
38 ഓളം പ്രമുഖരായ സംവിധായകര്‍ പുറത്തു പോയ മാക്ട സംവിധായക ഫെഡറേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് പുനസംഘടിപ്പിച്ചിട്ടുണ്ട്. സംവിധായക ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി മോഹനെയും സെക്രട്ടറിയായി ബാലു കിരിയത്തിനെയും തിരഞ്ഞെടുത്തു.
ഇതിനിടെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിനയന്‍ നേതൃത്വം നല്‌കുന്ന മാക്ടയുമായി യാതൊരു ചര്‍ച്ചകളും നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാജി വെച്ച് പുറത്തെത്തിയ സംവിധായകര്‍ക്കൊപ്പമാണ് അമ്മയെന്നും സിനിമാ രംഗത്ത് അസ്ഥിരത വളര്‍ത്തുന്ന രീതിയില്‍ വിലക്കും മറ്റ് ശിക്ഷാനടപടികളും സ്വീകരിയ്‌ക്കുന്ന മാക്ടയെ പോലൊരു സംഘടനയ്‌ക്ക് യാതൊരു പിന്തുണയും നല്‌കില്ലെന്നും ലാല്‍ പറഞ്ഞു.
കല്‍ക്കട്ട ന്യൂസ് പോലുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നതില്‍ മാക്ടയ്‌ക്ക് പങ്കുണ്ടായിരുന്നുവെന്നും ലാല്‍ ആരോപിച്ചു. മാക്ട വിട്ട് പുറത്തെത്തുന്ന സംവിധായകര്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പിന്തുണയുണ്ടെന്നും ലാല്‍ വ്യക്തമാക്കി.


Click it and Unblock the Notifications