പേര് വേണോ? മാക്ട അംഗമാകൂ
അംഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിതമായി നിലകൊള്ളാനാണ് യൂണിയനുകള്‍ രൂപം കൊള്ളുന്നത്. എന്നാല്‍ യൂണിയനുകള്‍ അംഗങ്ങളുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും അവരുടെ പോക്കറ്റടിക്കുകയും ചെയ്യുന്ന മാടമ്പികളായി മാറിയാലോ?
ഈയിടെ പുറത്തിറങ്ങിയ ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് അതിന്റെ സാങ്കേതിക മേന്മ കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ്. സാങ്കേതികത്തികവിന്റെ കാര്യത്തില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതിയൊരനുഭവമായ ആ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കഴിവുള്ള ഒരു പിടി സാങ്കേതി പ്രവര്‍ത്തകരാണ്. എഡിറ്റിംഗ് ശൈലിയില്‍ പുതിയൊരു രീതി തന്നെയാണ് ഈ സിനിമയില്‍ അവലംഭിച്ചതെന്ന് ബ്ലെസ്സി പറയുന്നു. പക്ഷേ ചിത്രത്തില്‍ എഡിറ്റിംഗ് നടത്തിയാളുടെ പേര് ടൈറ്റില്‍ കാര്‍ഡിലില്ല!
മാക്ടയുടെ പുതിയ ചട്ടങ്ങളാണ് ഇതിനു കാരണം. ഈ ചിത്രത്തിന് എഡിറ്റിംഗ് നിര്‍വഹിച്ചയാള്‍ സിനിമയില്‍ നവാഗതനാണ്. മാക്ടയില്‍ അദ്ദേഹത്തിന് അംഗത്വമില്ല. മാക്ടയില്‍ അംഗത്വമില്ലെങ്കില്‍ ടൈറ്റില്‍ കാര്‍ഡില്‍ പേരു വയ്ക്കാന്‍ പാടില്ലെന്നാണ് മാക്ടയുടെ ആജ്ഞ.
മാക്ടയുടെ അനുവാദമില്ലാതെ ഒരു നിര്‍മാതാവിന് താന്‍ പണം ചെലവാക്കിയെടുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കാര്‍ഡുകള്‍ നിരത്താന്‍ പോലും പറ്റില്ല. തന്റെ സിനിമക്ക് പുതിയൊരു ദൃശ്യഘടന നല്‍കിയ എഡിറ്ററുടെ പേര് ടൈറ്റില്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയാല്‍ സംവിധായകന് നേരിടേണ്ടിവരുന്നത് വിലക്കായിരിക്കും.
മാക്ടയില്‍ അംഗത്വമെടുക്കുക അത്രയെളുപ്പമുള്ള സംഗതിയുമല്ല. സാങ്കേതികരംഗത്തേക്ക് പുതുതായെത്തുന്നവര്‍ക്ക് മാക്ടയില്‍ അംഗമാകണമെങ്കില്‍ വന്‍തുക അംഗത്വ ഫീസായി നല്‍കണം. അത് നല്‍കിയാല്‍ മാത്രം പോരാ, മൂന്ന് സിനികളിലെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ അവരുടെ പേര് സിനിമകളുടെ ടൈറ്റില്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താനാവൂ.
പഴയ കാലത്തെ മാടമ്പിമാരെ പോലെ പെരുമാറുന്ന മാക്ട ആരുടെ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്? സീനിയര്‍മാരായ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ജോലി ഇല്ലാതാവുമെന്ന് ഭയന്നാണോ മാക്ട ഇത്തരം ചട്ടങ്ങള്‍ കൊണ്ടുവരുന്നത്?


Click it and Unblock the Notifications