For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാടമ്പി വെട്ടിയ പരുന്തിന്‍ ചിറക്!!!

  By Staff
  |

  പ്രളയം വന്ന് സര്‍വതും നശിച്ചാലും തീരാത്തതാണ്, മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഏറ്റവും നല്ല നടനെന്ന ഇരുകൂട്ടരുടെയും ആരാധകരുടെ തര്‍ക്കം. മാര്‍ക്സിസ്റ്റുകാരനും ബിജെപിക്കാരനും തമ്മിലുളള യോജിപ്പു പോലും ഇരുപക്ഷവും തമ്മിലില്ല. എതിര്‍പക്ഷ താരത്തിന്റെ പടം പൊളിഞ്ഞു കിട്ടാനും നടക്കുന്നുണ്ട് മുടങ്ങാത്ത നേര്‍ച്ചയും പ്രാര്‍ത്ഥനയും.

  ഇരുതാരങ്ങളും പലിശക്കാരുടെ വേഷത്തില്‍ ഒരേ സമയത്ത് തീയേറ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് അറിഞ്ഞപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഉത്സാഹഹര്‍ഷത്തിലായി ആരാധകര്‍. പുതിയ ആശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി പ്രിയതാരത്തിന്റെ ചിത്രത്തെ വരവേല്‍ക്കാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ വെമ്പി. ആദ്യമെത്തിയത് മാടമ്പിയായിരുന്നു.

  ഏറ്റവും ആദ്യം റിലീസ് ചെയ്ത ചിത്രത്തിന്റെ റെക്കോര്‍ഡ് മമ്മൂട്ടി നായകനായ രൗദ്രം, അണ്ണന്‍ തമ്പി എന്നീ ചിത്രങ്ങളുടെ പേരിലായിരുന്നു. വെളുപ്പിന് മൂന്നരയ്ക്കും മൂന്നുമണിക്കുമൊക്കെ റിലീസ് ചെയ്ത റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വലിയ അധ്വാനമൊന്നും വേണ്ടെന്നായിരുന്നു ലാലിന്റെ ആരാധകരുടെ തീരുമാനം. രൗദ്രം റിലീസ് ചെയ്തത് വെളുപ്പിന് മൂന്നു മണിക്കാണെങ്കില്‍, നമുക്ക് രണ്ടരയ്ക്ക് റിലീസ് ചെയ്യാമെന്ന ചെറിയ ബുദ്ധിയേ അവര്‍ക്കപ്പോള്‍ തോന്നിയുളളൂ...

  എന്നാല്‍ ചിത്രം കണ്ടപ്പോഴാണ് കടുത്ത ആരാധകര്‍ക്ക് വേണ്ട വിഭവം ചിത്രത്തിലുണ്ടെന്ന് മനസിലായത്. ഒപ്പം റിലീസ് ചെയ്യുന്ന മറ്റേ സൂപ്പര്‍താരചിത്രത്തെ ആക്കുന്ന ഡയലോഗ് തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. മധുരം മോഹിച്ചവന് പാല്‍പായസം കിട്ടിയ സന്തോഷം. തീയേറ്ററുകളില്‍ നിലയ്ക്കാത്ത കയ്യടി, ഹര്‍ഷാരവം, ഉന്മാദം.

  "പണത്തിനു മീതെ പരുന്ത് പറക്കുമോ എന്നെനിക്കറിയില്ല. എന്നാല്‍ എനിക്കു മീതെ ഒരു പരുന്തും പറക്കില്ല. പറന്നാല്‍ ചിറകുകള്‍ അരിഞ്ഞു വീഴ്ത്തും.. " മാടമ്പിയിലെ നായകന്‍ ഗോപാലകൃഷ്ണ പിളള പ്രഖ്യാപിച്ചു. മാടമ്പി പരുന്തിന്റെ ചിറകു വെട്ടുമോ, പരുന്ത് മാടമ്പിയെ തന്റെ നഖമുനകളില്‍ റാഞ്ചിപ്പറക്കുമോ എന്ന ചര്‍ച്ച കൊടുമ്പിരിക്കൊണ്ടു.

  പരുന്തിന്റെ സംവിധായകനും തിരക്കഥാകൃത്തും തീരെ പ്രതീക്ഷിച്ചതല്ല ഈ വെല്ലുവിളി. പ്രിവ്യൂ കണ്ടവര്‍ തമാശ പോരെന്ന് അഭിപ്രായം പറഞ്ഞതു കേട്ട് മമ്മൂട്ടിയെയും സുരാജിനെയും ഉള്‍പ്പെടുത്തി അവലക്ഷണം കെട്ട ഒരു പാട്ട് ചിത്രീകരിച്ച് തിരുകിക്കയറ്റുന്ന തിരക്കിനിടയില്‍ അവര്‍ക്ക് കിട്ടിയ അപ്രതീക്ഷിതമായ കൊട്ടായിരുന്നു, മാടമ്പിയിലെ നായകന്‍ നല്‍കിയത്.

  മറുപടി വന്നത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരുടെ പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളിലൂടെയാണ്. അതിലൊന്നില്‍ കണ്ടത് ഇങ്ങനെയാണ്.

  "28 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്. പലരും വന്നു പോയി. ചിലര്‍ മാജിക് പഠിക്കാന്‍ പോയി. ചിലര്‍ നാടകം കളിക്കാന്‍ പോയി വന്നു. അന്നും ഇന്നും ഞാന്‍ ഇവിടെയുണ്ട്. തോല്‍പ്പിക്കാം, സ്നേഹം കൊണ്ട്! വിടുവായത്തം കൊണ്ട് ഈ പുരുഷുവിനെ തോല്‍പ്പിക്കാനുളള ജന്മം ഇനിയും ജനിക്കണം"

  മാജിക്കും നാടകവും വെച്ചുളള ഈ വാചകങ്ങളുടെ ഉന്നം ആരെന്ന് വ്യക്തമാണല്ലോ. ഫയര്‍ എസ്കേപ്പും ഛായാമുഖി, കര്‍ണഭാരം നാടകങ്ങളുമൊക്കെ വിപരീതാര്‍ത്ഥത്തില്‍ ധ്വനിപ്പിക്കുന്ന പരിഹാസം അവസാനിക്കുന്നത്, വിടുവായത്തം കൊണ്ട് പുരുഷുവിനെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ്.

  "ഈ പരുന്തിന്റെ ചിറകുവെട്ടാന്‍ ആണൊരുത്തന്‍ ഇനി ജനിക്കണമെന്നായിരുന്നു" വേറൊരു മറുപടി. തനിക്ക് മീതെ പറന്നാല്‍ പരുന്തിന്റെ ചിറകുവെട്ടുമെന്ന ഗോപാലകൃഷ്ണ പിളളയുടെ പ്രഖ്യാപനം തന്നെയാണ് ഇവിടെയും പ്രകോപനം.

  അടുത്ത പേജില്‍


  മാടമ്പിയിലെ ചിത്രങ്ങള്‍
  പരുന്തിലെ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X