For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാടമ്പി തുറക്കുന്ന പുതിയ യുദ്ധമുഖം

  By Staff
  |

  മാടമ്പി വെട്ടിയ പരുന്തിന്‍ ചിറക്!!! - 2

  ഫാന്‍സ് അസോസിയേഷനുകളുടെ കളരിയില്‍ മാത്രം ഒതുങ്ങി നിന്ന തര്‍ക്കം തങ്ങളുടെ സിനിമയിലേയ്ക്ക് വളര്‍ത്താന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ഇതുവരെ തയ്യാറായിട്ടില്ല. തമിഴില്‍ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ചിത്രത്തിലൂടെ പരസ്പരം കളിയാക്കി ആരാധകരെ സുഖിപ്പിക്കാറുണ്ട്. പലതിലും തമിഴ് സിനിമയെ കടം കൊണ്ടെങ്കിലും ഈ ശൈലി പകര്‍ത്താന്‍ നമ്മുടെ സംവിധായകരും എഴുത്തുകാരും നായകനടന്മാരും ഇതുവരെ തയ്യാറായില്ല.

  മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് പ്രത്യക്ഷപ്പെടുമ്പോള്‍, എതിര്‍പക്ഷ താരത്തെ കൂവലോടെ വരവേല്‍ക്കുന്ന രീതിയാണ് തീയേറ്ററുകളില്‍ കണ്ടുവരുന്നത്. ആരാധനയുടെ വേറൊരു വേഷമാണത്. ഇത്രയും കാലം പരസ്പരം കൂവിയിട്ടും ഇരുതാരങ്ങളുടെയും പ്രതിഫലത്തുകയും മലയാള സിനിമയിലെ അവരുടെ സ്വാധീനവും കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന ബോധമൊന്നും കൂവലുകാര്‍ക്കില്ല. വല്ല ബോധവുമുളളവന്‍ അങ്ങനെ കൂവുമോ എന്നു ചോദിച്ചാല്‍ ഉത്തരവുമില്ല.

  ഷാജി കൈലാസും രഞ്ജിത്തും കൂവലുകാരെ ഭംഗിയായി നേരിട്ടിരുന്നു, നരസിംഹത്തില്‍. മമ്മൂട്ടി, അതിഥിതാരമായി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍, കൂവലുകാര്‍ക്കുളള മറുപടിയാണ് അദ്ദേഹത്തെ അവതരിപ്പിച്ച ആദ്യ സീന്‍. "ഫ നിര്‍ത്തെടാ പട്ടികളെ" എന്ന വാചകം നേരെ കാമറയില്‍ നോക്കി പറയുന്ന സീന്‍ ആദ്യം ഒരമ്പരപ്പുണ്ടാക്കും. നന്ദഗോപാല്‍ മാരാര്‍ എന്ന അഭിഭാഷകനെ വിലയ്ക്കെടുക്കാന്‍ ചെന്ന മണപ്പളളി പവിത്രന്റെ സന്ദേശവാഹകരോടാണ് ആശാന്‍ കയര്‍ത്തതെന്ന് ഒരു ഞെട്ടലിനു ശേഷം മാത്രമേ പ്രേക്ഷകര്‍ മനസിലാക്കൂ. നിന്റെയൊക്കെ ഒച്ച പൊങ്ങിയാല്‍ എനിക്ക് രോമമാണെന്ന വാചകവും കൂവലുകാരോടാണെന്ന് വ്യക്തം.

  ഫാസിലിന്റെ ഹരികൃഷ്ണന്‍സിലും ഇരുവരും പരസ്പരം കളിയാക്കുന്ന രംഗങ്ങളുണ്ട്. പക്ഷേ, അതൊക്കെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളായിട്ടാണ് ഇന്നും തലയ്ക്കു വെളിവുളള പ്രേക്ഷകര്‍ കാണുന്നത്. മമ്മൂട്ടിയുടെ ആകാരത്തെയും നടപ്പിനെയും മോഹന്‍ലാല്‍ കളിയാക്കുന്നതിലും ആമവാതം പിടിച്ച തോളുമായി ഒരു വശം ചരിഞ്ഞുളള ലാലിന്റെ നടപ്പിനെ മമ്മൂട്ടി പരിഹസിക്കുന്നതിലുമൊക്കെ സഹോദര നിര്‍വിശേഷമായ സ്നേഹത്തിന്റെ അടിയൊഴുക്കുണ്ട്.

  മറ്റൊരു താരത്തിന്റെ സിനിമയെയും കഥാപാത്രത്തെയും പ്രകോപനപരായി പരാമര്‍ശിച്ചു കൊണ്ട് മാടമ്പി പരീക്ഷിക്കുന്നത് വേറൊരു അങ്കമുറയാണ്. താരാരാധനയുടെ തീവ്രതലത്തെ ഉത്തേജിപ്പിക്കുകയാണ് മാടമ്പിയുടെ സംവിധായകന്‍. വന്‍വിജയത്തിന്റെ സൂചനകള്‍ മാടമ്പി നല്‍കുമ്പോള്‍, പരുന്ത് ആവറേജിനപ്പുറത്തേയ്ക്ക് പറക്കുമോ എന്ന് സംശയമാണ്. ആ അര്‍ത്ഥത്തില്‍ മുന്നറിയിപ്പ് ഫലിച്ചുവെന്ന് ആരാധകര്‍ക്ക് പാടി രസിക്കാം.

  ഉളളി തൊലിച്ചു നോക്കിയാല്‍ മത്സരം താരങ്ങളോ ആരാധകര്‍ തമ്മിലോ അല്ലെന്ന് കാണാം. അവരെ മുന്‍നിര്‍ത്തി അങ്കം വെട്ടുന്നത് സംവിധായകനും തിരക്കഥാകൃത്തുമാണ്. വെല്ലുവിളി മമ്മൂട്ടിയോടല്ല, പത്മകുമാറിനോടും ടി എ റസാക്കിനോടുമാണെന്നര്‍ത്ഥം.

  ഒരു ചിത്രത്തില്‍ അവിചാരിതമായി സംഭവിച്ച തമാശയ്ക്കപ്പുറത്തേയ്ക്ക് ഈ അങ്കം മാറുമോ എന്നറിയാന്‍ അടുത്ത മമ്മൂട്ടി ചിത്രം വരെ കാത്തിരിക്കേണ്ടി വരും. സിനിമയ്ക്ക് സിനിമ വഴി മറുപടി പറയാതെ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് എങ്ങനെ ഉറക്കം വരും? അവരുടെ ആവശ്യത്തിന് വഴങ്ങാന്‍ മമ്മൂട്ടി തയ്യാറാകുമോ?

  റിലീസിംഗ് തീയേറ്ററുകളുടെ മുന്നില്‍ വലിച്ചു കെട്ടിയ ബാനറുകളിലും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളിലും കാണുന്ന പ്രകോപനപരമായ താരാരാധന ഇനി സിനിമയിലേയ്ക്ക് പടരുമോ? സിനിമാ വ്യവസായത്തിന് ഗുണം ചെയ്യുന്ന മാറ്റമായിരിക്കുമോ അത്? ഉത്തരത്തിനു വേണ്ടി കാത്തിരിക്കുകയേ വഴിയുളളൂ.

  മുന്‍ പേജില്‍


  മാടമ്പിയിലെ ചിത്രങ്ങള്‍
  പരുന്തിലെ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X