For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോസ്റ്ററില്‍ സൂപ്പര്‍ പരുന്ത്

  By Staff
  |

  മാടമ്പിയെ റാഞ്ചുമോ പരുന്ത്? - 2

  സിനിമാ പോസ്റ്ററുകള്‍ രൂപകല്‍പന ചെയ്യാന്‍ വേണ്ടി മാത്രമാണ് ഗായത്രി അശോകനെ ദൈവം സൃഷ്ടിച്ചതാണ് പലപ്പോഴും തോന്നിയിട്ടുണ്ട്. പരുന്തിന്റെ പോസ്റ്ററുകള്‍ ആ തോന്നല്‍ വീണ്ടും ഉറപ്പിക്കുന്നു. പേരിന്റെ രൂപകല്‍പന, കഥയുടെ ഉദ്വേഗത്തിന് ചേരുന്ന തരത്തില്‍ ചിത്രങ്ങളും അക്ഷരങ്ങളും ക്രമീകരിക്കാനുളള മികവ്, ഗായത്രി അശോകനെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍ ഏറെയാണ്.

  മാടമ്പിയുടെ പോസ്റ്റര്‍ തയ്യാറാക്കിയ കോളിന്‍സ് ലിയോഫില്ലിന് ഇല്ലാത്ത ക്രിയാത്മക പരുന്തിന്റെ പോസ്റ്ററുകളിലുണ്ട്. പോസ്റ്ററില്‍ തെളിയുന്ന ചിത്രത്തിന്റെ സ്വഭാവം അതേപടി പ്രേക്ഷകരിലെത്തിയാല്‍ പരുന്തും മെഗാഹിറ്റു തന്നെയാകും.

  തിരൂരിലെ ചിത്ര സാഗര്‍ എന്ന തീയേറ്ററില്‍ വെളുപ്പിന് മൂന്നു മണിക്ക് പ്രദര്‍ശനം തുടങ്ങി മാടമ്പി മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു. മൂന്നേമുക്കാലിന് പ്രദര്‍ശനം തുടങ്ങിയ രൗദ്രമാണ് ഏറ്റവും നേരത്തെ പ്രേക്ഷകരിലെത്തിയ ചിത്രത്തിന്റെ റെക്കോര്‍ഡ് കൈവശം വെച്ചിരുന്നത്.

  ഏറെ പഴകിയ പ്രമേയമാണെങ്കിലും സുഭദ്രമായ തിരക്കഥയിലൂടെ മാടമ്പിയുടെ മെഗാ വിജയം ഉറപ്പു വരുത്താന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അതീവ ശ്രദ്ധയോടെ തയ്യാറാക്കിയ ചേരുവ ലക്ഷ്യം കണ്ടെന്ന് തീയേറ്ററുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടവും ഉളളിലെ ആരവവും തെളിയിക്കുന്നു.

  പരുന്തിന്റെ തിരക്കഥയെഴുതിയ റസാഖിന്റെ തൂലിക ഇതുവരെ ഒരു മെഗാഹിറ്റിന് ജന്മം നല്‍കിയിട്ടില്ല. വേഷവും, രാപ്പകലും, ബസ് കണ്ടക്ടറുമൊക്കെ ശരാശരിയിലൊതുങ്ങി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആകാശവും അഞ്ചിലൊരാള്‍ അര്‍ജുനനും വന്‍ പരാജയങ്ങളുമായി.

  ഒറ്റ അച്ചിലൊരുക്കുന്ന കഥയാണ് റസാഖിന്റെ പരിമിതി. സന്ദര്‍ഭങ്ങളും കഥാപശ്ചാത്തലവും മാറുമെന്നേയുളളൂ. ആശ്വസിക്കാനുളള ഒരു വകയെന്തെന്നു വെച്ചാല്‍, മാടമ്പി സൂക്ഷ്മമായി കണ്ടിരുന്നാല്‍ റസാക്കിന്റെ വേഷം എന്ന മമ്മൂട്ടി ചിത്രവും ഓര്‍മ്മ വരുമെന്നതാണ്.

  സമ്പൂര്‍ണ വില്ലനായ ഒരു നായകനെ റസാഖിന്റെ തൂലിക എങ്ങനെ ഉള്‍ക്കൊണ്ടു എന്നതിനെ അനുസരിച്ചാണ് പരുന്തിന്റെ ജയാപചയങ്ങള്‍ നിശ്ചയിക്കപ്പെടുക. ആവശ്യത്തിനുളള ഗൃഹപാഠവും മുന്‍ചിത്രങ്ങളുടെ പരാജയങ്ങളില്‍ നിന്ന് റസാഖ് പഠിച്ച ഗുണപാഠവും പരുന്തിനെ തുണയ്ക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സകലമാന പ്രേക്ഷകരും.

  മംഗലശേരി നീലകണ്ഠനും കണിമംഗലം ജഗന്നാഥനും പൂവളളി ഇന്ദുചൂഡനുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഉളളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ വിസമ്മതിക്കുന്നുവെങ്കില്‍, അത് രഞ്ജിത്തിന്റെ കരുത്താണ്. രഞ്ജിത്തിന്റെ നായകന്മാരില്‍ വില്ലത്തരമുണ്ടെങ്കില്‍, പത്മകുമാര്‍ അവതരിപ്പിക്കുന്ന നായക ന്‍ തന്നെ വില്ലനാണ്.

  കരുണയുടെയോ നന്മയുടെയോ തരിമ്പും നെഞ്ചിലില്ലാത്ത, നഖമുനകളിലും കൂര്‍ത്ത കൊക്കിലും പൈശാചികതയുടെ തിളക്കം കരുതിവെച്ചിരിക്കുന്ന പരുന്തു പുരുഷോത്തമന്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് തീര്‍ച്ചയാണ്.

  മുന്‍ പേജില്‍

  മാടമ്പിയിലെ ചിത്രങ്ങള്‍ പരുന്തിലെ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X