മാജിക് ലാമ്പ് കത്തുമോ?
വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയാക്കി പെട്ടിയില്‍ കിടക്കുന്ന ജയറാം ചിത്രമാണ് മാജിക് ലാമ്പ്. ചിത്രത്തിലെ നായികമാരിലൊരാളായ ദിവ്യാ ഉണ്ണി അഭിനയം നിര്‍ത്തിയിട്ട് ഏതാനും വര്‍ഷങ്ങളായി. ജയറാമിന്റെ നല്ല കാലത്ത് ഒരുക്കിയ ഈ ചിത്രം പല കാരണങ്ങളാല്‍ റിലീസ് ചെയ്യാനാവാതെ ശാപമോക്ഷം കാത്തുകിടക്കുയായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും മാജിക് ലാമ്പിനെ പെട്ടിയില്‍ നിന്നു പുറത്തെത്തിക്കാന്‍ തന്നെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തീരുമാനിച്ചു. അതിന് തിരഞ്ഞെടുത്തത് ക്രിസ്മസ് ചിത്രങ്ങള്‍ കൊമ്പുകോര്‍ക്കുന്ന ഡിസംബര്‍ മാസവും. പരാജയങ്ങളുടെ ഭാരവും പേറി കരിയര്‍ ഒരു വിധം ഉന്തിത്തള്ളി മുമ്പോട്ടു കൊണ്ടുപോകുന്ന ജയറാമിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ചിത്രം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഏറ്റവും പുതിയ ട്രെന്റുകള്‍ക്കനുസരിച്ചുള്ള ചിത്രങ്ങള്‍ കൊയ്ത്തു നടത്താനെത്തുന്ന ഡിസംബറില്‍ റിലീസ് ചെയ്യാനായി തിരഞ്ഞെടുത്ത ബുദ്ധി ആരുടേതാണാവോ?
എന്തായാലും ആ തീരുമാനം ഒടുവില്‍ തിരുത്തി. മാജിക് ലാമ്പിന്റെ റിലീസ് ഡിസംബറില്‍ നിന്നും ജനവരി ആദ്യത്തിലേക്ക് മാറ്റി. പക്ഷേ ഈ മാറ്റം കൊണ്ട് ചിത്രത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല. ഡിസംബര്‍ അവസാനമെത്തുന്ന മമ്മൂട്ടിയുടെ കഥ പറയുമ്പോഴും മോഹന്‍ലാലിന്റെ ഫ്ലാഷും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ദിലീപിന്റെ റോമിയോയും അപ്പോഴും തിയേറ്ററുകളില്‍ ജനവരിയില്‍ പ്രദര്‍ശനം തുടരും. ഈ ചിത്രങ്ങള്‍ മാറ്റിവച്ച് ജയറാമിന്റെ 'പുണ്യപുരാണ സിനിമ' കാണാമെന്ന് എത്ര പ്രേക്ഷകര്‍ തീരുമാനിക്കും?
മോശം സമയത്ത് നല്ലതൊന്നും മനസില്‍ തോന്നില്ലെന്നാണല്ലോ. അടിക്കടി പരാജയങ്ങളുമായി വീണുപോയ കരിയര്‍ ഏതെങ്കിലും തരത്തില്‍ പൊക്കിയെടുക്കാനുള്ള പദ്ധതികളിലൊന്നായി ജയറാമിന് തോന്നിയത് പഴയ മാജിക് ലാമ്പ് പൊടി തട്ടിയെടുത്ത് കത്തിച്ചു നോക്കാനാണ്. അത് കത്തിയാല്‍ അത് മലയാള സിനിമാ ചരിത്രത്തിലെ തന്നെ മഹാത്ഭുതമായിരിക്കും എന്ന് പറയുന്നവരൊക്കെ ദോഷൈകദൃക്കുകളാണെന്നാവും ജയറാമിന്റെ വിലയിരുത്തല്‍.


Click it and Unblock the Notifications