ആദ്യം മമ്മൂട്ടിയ്ക്ക് നേരെ പിന്നെ മോഹന്‍ലാലിലേക്ക്! നിഴല്‍ യുദ്ധം നടത്തുന്നതാര്? മേജര്‍ രവി പറയുന്നു
Recommended Video

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന്് കൊണ്ടിരിക്കുകയാണ്. ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം ആളുകള്‍ എത്തിയത്. ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ മേഖലകളില്‍ നിന്നുമുള്ള 108 ഓളം പേര്‍ ഒപ്പിട്ട പ്രസ്താവന കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് നല്‍കുകയും ചെയ്തിരുന്നു.
മോഹന്‍ലാലിനെതിരെ ഒപ്പിട്ടെന്ന് പറഞ്ഞതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ എന്നിവര്‍ അതില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെല്ലാം ഇക്കാര്യത്തെ കുറിച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

മേജര്‍ രവിയുടെ വാക്കുകളിലേക്ക്
മോഹന്‍ലാലിനെ തടയാന്‍ നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍! കുറച്ചു നാളായി നമ്മള്‍ കാണുകയാണ് മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം. എന്തു ചെയ്താലും എന്തു പറഞ്ഞാലും കുറ്റം! പലപ്പോഴും പ്രതികരിക്കാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ചു. എന്തു പറയുമ്പോഴും അക്രമികള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയുണ്ടായിരുന്നു. തുടക്കം മമ്മൂട്ടിക്കു നേരെയായിരുന്നല്ലോ. അദ്ദേഹം അഭിനയിച്ച കഥാപാത്രത്തിന്റെ പേരില്‍ ചെളി വാരിയെറിഞ്ഞു. അദ്ദേഹം കൈകൊടുത്തു വലുതാക്കിയവര്‍ കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു വേദനാജനകം. പിന്നെയായിരുന്നു മോഹന്‍ലാലിനെതിരെയുള്ള നീക്കം. താരസംഘടനയുടെ തീരുമാനത്തിന്റെ യാഥാര്‍ഥ്യംപോലും മനസ്സിലാക്കാതെ കാളപെറ്റു വെന്ന് പറഞ്ഞ് കയറെടുത്തവരാണ് ഇക്കൂട്ടം.

തിരിച്ചു വിടുന്നത് ആരാണ്?
ഇപ്പോഴിതാ ആ ശത്രുതയുടെ തുടര്‍ച്ചയായി മോഹന്‍ലാല്‍ മനസാ അറിയാത്ത കാര്യത്തിന്റെ പേരില്‍ കുറേപ്പേര്‍ ഒപ്പുമായി ഇറങ്ങിയിരിക്കുന്നു. അതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അവരൊന്നും അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. എങ്കില്‍ അവരെയൊക്കെ മോഹന്‍ലാല്‍ എന്ന മഹാനടനെതിരെ തിരിച്ചു വിടുന്നത് ആരാണ്? അതിന്റെ ഉത്തരം സിനിമയിലുള്ളവര്‍ക്കറിയാം, ഒപ്പം പ്രേക്ഷകര്‍ക്കും. ഭരിക്കുന്നവരെ സോപ്പിട്ട്, പണിയില്ലാതെ നടക്കുന്നവരാണ് ഏറെയും. ചിലര്‍ ബോര്‍ഡ് വച്ച കാറുകളിലാണ്. അതൊക്കെയും ഞാനുള്‍പ്പെടുന്ന നാട്ടുകാരുടെ നികുതിപ്പണമാണെന്ന് നിങ്ങള്‍ ഓര്‍ത്താല്‍ നല്ലത്.

കാപട്യം ബോധ്യപ്പെട്ടതാണ്...
മൃഷ്ടാനഭോജനത്തിനുശേഷമുള്ള നിങ്ങളുടെ ഏമ്പക്കത്തില്‍ ഞെട്ടിപ്പോകുന്നതല്ല, നാല്‍പ്പതു വര്‍ഷമായി ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്ന മോഹന്‍ലാലിന്റെ ഉറക്കം. ഇതൊക്കെയും ഇവിടുത്തെ ഭരണകൂടവും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവരെ അനുകൂലിക്കുന്ന (കു)ബുദ്ധിജീവികള്‍ക്കും രസമായിരിക്കും. പക്ഷെ, സാധാരണക്കാര്‍ക്ക് ഇതിലെ കാപട്യം ആദ്യമേ ബോധ്യപ്പെട്ടതാണ്. വിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് നടക്കുന്നവര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല, അത് എല്ലാവര്‍ക്കും ബാധകമാണെന്ന്. അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്‍ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ്. അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യും. അതിനെ പിന്തുണക്കാന്‍ ജാതിമതഭേദമന്യെ ഇന്നാട്ടിലെ ജനകോടികളുണ്ടാവും. അത് തടയാന്‍ നിങ്ങളുടെ ഈ ഒപ്പ് മതിയാവില്ല. അവരുടെ വികാരവും വികാരം തന്നെയാണ്. അത് വൃണപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഭൂഷണമാവില്ലെന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തട്ടെ. സ്‌നേഹപൂര്‍വം, നിങ്ങളുടെ മേജര്‍ രവി.

പ്രിയദര്‍ശന്‍ പറയുന്നത്..
പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവര്‍ അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണ്. ഞാന്‍ ചലച്ചിത്ര ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ ശബാന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിന് മുന്‍പും അങ്ങനെയുണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാന്നിധ്യം ചടങ്ങിന്റെ അന്തസ്സുയര്‍ത്തുകയാണ് ചെയ്യുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications