'ഹാസ്യ ചക്രവർത്തിക്ക് വിട... ആ ചിരിയും മാഞ്ഞു...'; നടൻ മാമുക്കോയ അന്തരിച്ചു, കണ്ണീരോടെ ആരാധകർ!
മലയാള സിനിമയുടെ സമ്പത്തായിരുന്ന പ്രതിഭകൾ ഓരോരുത്തരായി വിടപറയുകയാണ്. കൂട്ടുകാരൻ ഇന്നസെന്റിന്റെ അടുത്തേക്ക് മാമുക്കോയ കൂടി പോകുന്നതോടെ സിനിമാപ്രേമികൾക്ക് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചിലരെപ്പോലെ ചിലർ മാത്രമെയുള്ളുവെന്ന് പറയുന്നത് മാമുക്കോയയുടെ കാര്യത്തിൽ നൂറ് ശതമാനം ശരിയാണ്.
കോഴിക്കോടൻ ശൈലിയിൽ തമാശയും തഗും പറയാൻ അദ്ദേഹത്തിനല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല. ചിരിയുടെ സുൽത്താൻ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർഥനയിലായിരുന്നു ആരാധകർ. അതിനിടയിലാണ് ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്ത് വന്നത്. 76 വയസായിരുന്നു.

കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു വേർപാട്.
സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്. തങ്ങളെക്കൊണ്ടാകുന്നതെല്ലാം ചെയ്തെന്നാണ് മാമുക്കോയുടെ മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 1.05നാണ് മരണം സംഭവിച്ചത്. ഞങ്ങളെക്കൊണ്ടാകുന്നതെല്ലാം അദ്ദേഹത്തെ രക്ഷിക്കാൻ ഞങ്ങൾ ചെയ്തു.
പക്ഷെ അദ്ദേഹത്തെ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ബാലഷ്ണാ... എന്ന റാംജി റാവു സ്പീക്കിങിലെ ആ വിളി ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ടെന്നാണ് മരണ വാർത്ത അറിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നടൻ സായ്കുമാർ പറഞ്ഞത്. സത്യസന്ധമായ മനസിന് ഉടമയായിരുന്നു അദ്ദേഹമെന്നും സായ്കുമാർ പറഞ്ഞു.

ആഴ്ചകൾക്ക് മുമ്പാണ് നടൻ ഇന്നസെന്റ് മരിച്ചത്. ഇപ്പോഴിതാ കൂട്ടുകാരന്റെ അടുത്തേക്ക് മാമുക്കോയ കൂടി പോയിയെന്ന് അറിയുമ്പോൾ വിശ്വസിക്കാനാവുന്നില്ലെന്നാണ് സിനിമാലോകം പറയുന്നത്. കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയയുടെ സ്വഭാവ നടനിലേക്കുള്ള മാറ്റവും വിസ്മയിപ്പിക്കുന്നതായിരുന്നു.
മലയാളികള്‍ക്ക് ഓര്‍മിക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം ഓര്‍മയാകുന്നത്. കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റേയും ഇമ്പിച്ചി ആയിഷയുടേയും മകനായി 1946ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം വളര്‍ന്നത് ജേഷ്ഠന്റെ സംരക്ഷണയിലാണ്. കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠനം.
പഠനകാലത്ത് സ്‌കൂളില്‍ നാടകങ്ങള്‍ സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. പഠന ശേഷം കോഴിക്കോട് കല്ലായിയില്‍ മരം അളക്കല്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനൊപ്പം അദ്ദേഹം നാടകത്തിലും അഭിനയിച്ചിരുന്നു. കോഴിക്കോട് ഭാഗത്തെ നിരവധി നാടക സിനിമാക്കാരുമായി സൗഹൃദത്തിലായി. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. 1979ലായിരുന്നു ഇത്.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. സന്ത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങി പുതുതലമുറയിലെ സംവിധായകരുടെ വരെ ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങളില്‍ മാമുക്കോയ എത്തി. മലയാളിക്ക് എക്കാലവും ഓര്‍മിക്കാൻ ഗഫൂര്‍ക്കാ ദോസ്ത്, കീലേരി അച്ചു തുടങ്ങിയ ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.


Click it and Unblock the Notifications