»   » മമ്മൂട്ടിയ്ക്കും രാജീവ് പിള്ളയ്ക്ക് രക്ഷിക്കാനായില്ല, മുന്‍ഷി വേണു മരണത്തിന് കീഴടങ്ങി

മമ്മൂട്ടിയ്ക്കും രാജീവ് പിള്ളയ്ക്ക് രക്ഷിക്കാനായില്ല, മുന്‍ഷി വേണു മരണത്തിന് കീഴടങ്ങി

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റിലെ മുന്‍ഷി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ നടന്‍ വേണു അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ചാണ് അന്ത്യം. അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച നടത്തും.

മുന്‍ഷി വേണുവിനെ സഹായിക്കാനെത്തിയത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം

രോഗം മൂര്‍ച്ഛിച്ച് ചികിത്സാ സഹായം ലഭിച്ചാതെ പാലിയേറ്റീവ് കെയറില്‍ കഴിയുകയായിരുന്ന മുന്‍ഷി വേണുവിന് സഹായവുമായി എത്തിയത് സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രമാണ്. വൃക്കരോഗത്തെ തുടര്‍ന്ന് വേണു കുറേ കാലങ്ങളായി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു.

സിനിമയില്‍ വേണു

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിനെ ജനശ്രദ്ധയിലെത്തിച്ചത് ഏഷ്യാനെറ്റിന്റെ ക്യാപ്‌സ്യൂള്‍ സറ്റയറായ മുന്‍ഷിയിലെ വേഷമാണ്. തുടര്‍ന്ന് പേരിനൊപ്പം 'മുന്‍ഷി' എന്ന പേരും പതിച്ചുകിട്ടി. കമല്‍ സംവിധാനം ചെയ്ത്, ദിലീപ് ഇരട്ടവേഷത്തിലെത്തിയ പച്ചക്കുതിരയിലൂടെയാണ് സിനിമാപ്രവേശം.

ചെയ്തു തീര്‍ത്തത്

തിളക്കം, ഛോട്ടാ മുംബൈ, കഥ പറയുമ്പോള്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി പിന്നീടുവന്ന നിരവധി സിനിമകളില്‍ രസികന്‍ കഥാപാത്രങ്ങളെ വേണു അവതരിപ്പിച്ചു. ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഷക്കീല വന്നോ എന്ന വേണുവിന്റെ ചോദ്യം ഇന്നും ട്രോള്‍ ബോക്‌സുകളില്‍ സജീവമാണ്.

കഷ്ടപ്പാടുകളിലൂടെ ജീവിതം

ബന്ധുക്കള്‍ അധികമില്ലാത്ത വേണു പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. രോഗബാധിതനായതോടെ സിനിമകളിലേക്ക് ആരും വിളിക്കാതെയായി. വാടക കൊടുക്കാന്‍ കഴിയാതെവന്നതോടെ അവസാനം ലോഡ്ജില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു.

അമ്മ സഹായിച്ചില്ല

താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതിനാല്‍ അവിടെനിന്നുള്ള സഹായം വേണുവിന് ലഭിച്ചില്ല. എഴുപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അംഗത്വ ഫീസ് നല്‍കാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുക്കാതിരുന്നത്.

English summary
Malayalam actor Munshi Venu passed away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam