110 ചിത്രങ്ങളുടെ സാറ്റലൈറ്റ് ഇനിയും വിറ്റില്ല
മലയാള സിനിമകളുടെ സാറ്റലൈറ്റ് കുറഞ്ഞു എന്നതാണ് 2014ലെ മറ്റൊരു പ്രത്യേകത. 2013ല്‍ ആറുകോടി രൂപ വരെ ഒരു പ്രയാസവുമില്ലാതെ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചുകോടിക്കു മുകളില്‍ പോകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന അവസ്ഥയാണ്.
കൈ നനയാതെ മീന്‍പിടിക്കാനിറങ്ങിയ ചില സംവിധായകരും നിര്‍മാതാക്കളുമാണ് ഈയൊരു ഗതികേട് വരുത്തിവച്ചത്. മുന്‍പ് ചിത്രീകരണം തുടങ്ങും മുന്‍പ് സാറ്റലൈറ്റ് കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ ചിത്രം തിയറ്ററിലെത്തിയാല്‍ മാത്രമേ ചാനലുകാര്‍ തുക പറയാന്‍ തയ്യാറാകൂ. കണ്ണുംപൂട്ടി സാറ്റലൈറ്റ് വാങ്ങിയ വകയില്‍ ചാനലുകാര്‍ക്ക് കോടികളാണു നഷ്ടമുണ്ടായിരുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ നല്ല ചിത്രങ്ങള്‍ക്കു മാത്രം പണം ലഭിക്കുന്നത്.
റിലീസിനു മുന്‍പ് സാറ്റലൈറ്റ് അവകാശം വാങ്ങി ഈവര്‍ഷം ചാനലുകാര്‍ക്കു നഷ്ടമുണ്ടായിട്ടുണ്. ദിലീപ് നായകനായ വില്ലാളി വീരന്‍ അഞ്ചുകോടി രൂപയ്ക്കാണ് സാറ്റലൈറ്റ് വിറ്റത്. എന്നാല്‍ ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടതോടെ ചാനലുകാര്‍ക്കു വന്‍ തിരിച്ചടിയായി.
ബാംഗഌര്‍ ഡെയ്‌സിന്റെ സാറ്റലൈറ്റ് റിലീസിനു മുന്‍പ് തന്നെ വിറ്റിരുന്നു. അത് ചാനലുകാര്‍ക്കു ലാഭം നല്‍കുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയുടെ രാജാധിരാജ റിലീസിനു മുന്‍പ് വിറ്റതായിരുന്നു. അതും കോടികളുടെ നഷ്ടമാണ്ചാനലിനുണ്ടാക്കിയത്.

റിലീസിനു ശേഷം ഡിമാന്‍ഡ് കൂടിയ ചിത്രങ്ങളാണ് ഹൗ ഓള്‍ഡ് ആര്‍ യു, വെള്ളിമൂങ്ങ എന്നിവ. റിലീസിനു മുന്‍പ് മൂന്നുകോടി രൂപ വരെ പറഞ്ഞചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്റെ ലോ പോയിന്റ്. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ രണ്ടുകോടിക്കാണ് സാറ്റലൈറ്റ് വിറ്റത്. 153 ചിത്രങ്ങളില്‍ 110 ചിത്രങ്ങളുടെ സാറ്റലൈറ്റ് ഇനിയും വിറ്റിട്ടില്ല എന്നാണ് അറിയുന്നത്.
ഏഷ്യാനെറ്റ്, മനോരമ, സൂര്യ എന്നിവയാണ് ചിത്രങ്ങള്‍ വാങ്ങുന്ന പ്രധാന ചാനലുകള്‍. മുന്‍പ് അമൃതയുണ്ടായിരുന്നു. അവരും ഇപ്പോള്‍പിറകോട്ടാണ്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ എന്തു വിലകൊടുത്തും വാങ്ങാമെന്ന മല്‍സരം ചാനലുകാര്‍ തമ്മില്‍ ഇപ്പോഴില്ല. മുന്‍പ് സൂപ്പര്‍താര ചിത്രത്തിന് പിടിവലിയായിരുന്നു. അതൊഴിവാക്കിയതോടെ പല സൂപ്പര്‍താര ചിത്രങ്ങളും കുറഞ്ഞ വിലയ്ക്കാണു വിറ്റുപോയത്. കഴിഞ്ഞവര്‍ഷം മോഹന്‍ലാലിന്റെ ഒറ്റ ചിത്രവും നല്ല വിലയ്ക്കു വിറ്റിട്ടില്ല. ആറു കോടിക്കായിരുന്നു മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് വിറ്റിരുന്നത്. അതിപ്പോള്‍ അഞ്ചിലും താഴെയാണ്. ദിലീപിന്റെ ചിത്രങ്ങള്‍ക്കു ആറുകോടിയായിരുന്നു റൈറ്റ്. അതിപ്പോള്‍ അഞ്ചിലെത്തി നില്‍ക്കുകയാണ്. ഏഴു സുന്ദരരാത്രികള്‍, അവതാരം, വില്ലാളിവീരന്‍ എന്നിവയുടെ പരാജയമാണ് ദിലീപിന്റെ മാര്‍ക്കറ്റിടിച്ചത്. ദുല്‍ക്കര്‍, ഫഹദ്, നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവര്‍ക്കാണ് ഇപ്പോള്‍ സാറ്റലൈറ്റില്‍ നല്ല ഡിമാന്റുള്ളത്.


Click it and Unblock the Notifications











