»   » 2016 ലെ പത്തു മികച്ച ഗാനങ്ങള്‍ ഏതൊക്കെയാണ് ?

2016 ലെ പത്തു മികച്ച ഗാനങ്ങള്‍ ഏതൊക്കെയാണ് ?

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമാണ് വിട പറയാന്‍ പോകുന്നത്. ആദ്യമായി ഒരു മലയാള ചിത്രം നൂറുകോടി ക്ലബിലെത്തുന്നതിന് 2016 സാക്ഷ്യം വഹിച്ചു. പുലിമുരുകനുള്‍പ്പടെ ഒട്ടേറെ മികച്ച ചിത്രങ്ങളാണ് 2016 ല്‍ പുറത്തിറങ്ങിയിട്ടുള്ളത്.

മലയാള സിനിമാ ഗാനരംഗത്തും മികച്ച നേട്ടങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. എത്ര കേട്ടാലും മതിവരാത്ത നിരവധി പാട്ടുകള്‍. 2016 ല്‍ പുറത്തിറങ്ങിയ മലയാള സിനിമകളിലെ പാട്ടുകളെക്കുറിച്ച് നമുക്കൊന്ന് നോക്കാം. മികച്ച 10 ഗാനങ്ങള്‍ തിരഞ്ഞെടുത്താലോ. ഇവയൊക്കെയാണോ നിങ്ങളെ ആകര്‍ഷിച്ച പാട്ടുകള്‍..

1.പൂമരം (പൂമരം)

2016 ലെ സോങ്ങ് ഓഫ് ദി ഇയര്‍ പൂമരത്തിനാണെന്നതിന് പ്രത്യേകിച്ച് സംശയമൊന്നും വേണ്ട. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഗാനം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ബാലതാരത്തില്‍ നിന്നും നായകനായി മലയാളത്തില്‍ തുടക്കം കുറിക്കുന്ന കാളിദാസ് ജയറാം ചിത്രത്തിലെ വളരെ മനോഹരമായ ഗാനം. ആശാന്‍ ബാബുവും ദയാല്‍ സിംഗും വരികളൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ് .

2.ചിന്നമ്മ (ഒപ്പം)

ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും എംജി ശ്രീകുമാറും ഒരുമിച്ചത് ഒപ്പത്തിലൂടെയാണ്. ഡോക്ടര്‍ മധു വാസുദേവന്റെ വരികള്‍ക്ക് ഈണം നല്‍കി ആലപിച്ചത് എംജി ശ്രീകുമാര്‍.

3.മുത്തേ പൊന്നേ (ആക്ഷന്‍ ഹീറോ ബിജു)

പ്രമേയം കൊണ്ടും വളരെ വ്യത്യസ്തമായ സിനിമയിലെ വ്യത്യസ്തമായ ഗാനം. സിനിമയില്‍ പ്രധാനപ്പെട്ട റോളിലെത്തിയ സുരേഷ് തമ്പാനൂര്‍ എഴുതി ഈണം നല്‍കി ആലപിച്ച ഗാനമാണിത്. ഈ ഒരൊറ്റ ഗാനം കൊണ്ട് തന്നെ സുരേഷ് ഏറെ ശ്രദ്ധേയനായത്.

4.വാതേ പൂതേ (വള്ളീം തെറ്റി)

2016 ലെ മികച്ച ഫാസ്റ്റ് നമ്പറുകളില്‍ പ്രധാനപ്പെട്ട ഗാനമാണ്. വരികളെഴുതി ആലപിച്ചിരിക്കുന്നത് നവാഗതനായ സൂരജ് എസ് കുറുപ്പാണ്.

5.മല മേലേ തിരിവെച്ച് (മഹേഷിന്റെ പ്രതികാരം)

ഇടുക്കിയുടെ വശ്യമനോഹാരിത മുഴുവനും പകരുന്നൊരു ഗാനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ട് പാടിയത് ബിജിബാലാണ്. ഇടുക്കിയുടെ സൗന്ദര്യത്തെ മുഴുവനും ആവാഹിച്ച ഗാനത്തിന്റെ ദൃശ്യവും ഏറെ മനോഹരമാണ്.

6.തിരുവാവണി രാവ് (ജേക്കബിന്റെ സ്വര്‍ഗരാജ്യം)

വളരെ മനോഹരമായൊരു ഉത്സവ ഗാനം. കേള്‍ക്കാന്‍ മാത്രമല്ല കാണാനും. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് ഷാന്‍ റഹ്മാന്‍. ഉണ്ണിമേനോനും സിതാരയുമാണ് ഗാനം ആവപിച്ചിരിക്കുന്നത്.

7.പറ പറ (കമ്മട്ടിപ്പാടം)

പോയവര്‍ഷത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനമാണ് കമ്മട്ടിപ്പാടത്തിലെ ഈ പാട്ട്. കേട്ട് പരിചയമില്ലാത്ത ഈണം. കേള്‍വിക്കാരനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്ന പാട്ട്. സംഗീതം ജോണ്‍ പി വര്‍ക്കി, ആലാപനം അനൂപ് മോഹന്‍ദാസ്

8.ഒരു വേള (വൈറ്റ്)

2016 ലെ മികച്ച പ്രണയഗാനങ്ങളിലൊന്ന് വൈറ്റിലേതാണെന്ന് നിസംശ്ശയം പറയാം. പൂര്‍ണ്ണമായു ലണ്ടനിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ശ്വേതാ മേനോന്റെ ഹിറ്റ് ഗാനങ്ങളിലൊന്ന് ഈ പാട്ടാണ്. ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം രാഹുല്‍ രാജ്.

9.വട്ടോളം വാണിയാരേ കേട്ടുകൊള്‍ക (ലീല)

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ഒരുകൈ നോക്കി ബിജുമേനോന്‍ ലീലയിലെ ഈ പാട്ടിലൂടെ. പ്രശസ്തമായൊരു നാടന്‍പാട്ടാണിത്. സംഗീതമൊരുക്കിയിരിക്കുന്നത് ബിജിബാല്‍.

10.ലൈലാകമേ (ഇസ്ര)

പൃഥ്വിരാജ് ചിത്രമായ ഇസ്രയിലെ മനോഹരമായ റൊമാന്റിക് ഗാനമാണിത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് രാഹുല്‍രാജ്. ഹരിചരണ്‍ ശേഷാദ്രിയാണ് പാടിയിരിക്കുന്നത്.

English summary
2016 has been a wonderful year for the Malayalam movie industry. When it comes to the business, Mollywood touched the prestigious 100-crore mark with Pulimurugan. The industry also stands proudly with its exceptional films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam