അമ്മച്ചിയ്ക്ക് ഭാവിയുണ്ട് എന്ന് പറഞ്ഞ പൃഥ്വിരാജിന് ഉഗ്രൻ മറുപടിയുമായി മല്ലിക
മലയാളത്തിലെ മുൻനിര നടന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ഒരു കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന നടൻ സുകുമാരൻ്റെ മക്കളാണ് ഇരുവരെങ്കിലും അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വേർപാടിൽ പതറാതെ ഇരുവരുടെയും മുന്നോട്ടുള്ള ജീവിതത്തിന് പ്രജോതനമായും പ്രോത്സാഹനമായും നിന്ന വ്യക്തിയാണ് അവരുടെ അമ്മ മല്ലിക സുകുമാരൻ.

അഭിനയത്രി എന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. അമ്മ വേഷങ്ങളിലും സഹനടിയായും തിളങ്ങുന്ന നടിയുടെ മിക്യ കഥാപാത്രങ്ങളിലും നർമ്മത്തിൻ്റെ ഒരംശം എവിടെയെങ്കിലും കാണാൻ സാധിക്കും.
ലവ് ആക്ഷൻ ഡ്രാമയിൽ നിവിൻ പോളിയുടെ അമ്മയുടെ വേഷം അതി മനോഹരമായും രസകരമായുമാണ് മാളിക സുകുമാരൻ അവതരിപ്പിച്ചത്. അതിനു ശേഷം മകൻ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മല്ലികയുടെ രസകരമായ പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.
ബ്രോ ഡാഡിയിൽ മോഹന്‍ലാലിൻ്റെ അമ്മയായിട്ടാണ് മല്ലിക വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച രസകരമായ ഒരു അനുഭവമാണ് മല്ലിക ഇപ്പോൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ തൻ്റെ ഭാഗം ഷൂട്ട് ചെയ്ത് കഴിഞ്ഞതിന് ശേഷം പൃഥ്വിരാജ് പറഞ്ഞ രസകരമായ ഒരു കാര്യത്തെ കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞത്.
"ബ്രോ ഡാഡി സിനിമയിലെ എൻ്റെ ഷോട്ട് എടുത്ത് കഴിഞ്ഞ് രാജു മോണിറ്ററിലേക്ക് നോക്കിയിരുന്നു. അതിന് ശേഷം കട്ട് പറഞ്ഞ് കഴിഞ്ഞ് എന്നോട് അവന്‍ പറയുകയാണ് 'അമ്മച്ചിയ്ക്ക് ഭാവിയുണ്ട് കേട്ടോ' എന്ന്. അവന്‍ പറഞ്ഞ വാചകമാണിത്" മല്ലിക പറഞ്ഞു.
ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അച്ഛനായി സുകുമാരനെയാണ് കാണിക്കുന്നത്. ആ സീനിൽ മല്ലികയ്ക്ക് പിന്നിൽ സുകുമാരന്റെ ചിത്രവും ചുവരിൽ പതിപ്പിച്ചിട്ടുണ്ടായിരുന്നു. പൃഥ്വിരാജിൻ്റെ കമന്റിന് രസകരമായ മറുപടിയും അമ്മ മല്ലിക നൽകി. സുകുമാരന്റെ ഫോട്ടോ നോക്കി "മുകളില്‍ ഒരാളിരിക്കുന്നുണ്ട്, നീ ഇപ്പോള്‍ പറഞ്ഞത് അദ്ദേഹം കേള്‍ക്കണ്ട കേട്ടോ" എന്നാണ് മല്ലിക പറഞ്ഞത്.
'സിനിമയിലെ ഓരോ ആര്‍ട്ടിസ്റ്റുകള്‍ എങ്ങനെ നടക്കണമെന്നും, എവിടെ നില്‍ക്കണമെന്നും, എങ്ങനെ നോക്കണമെന്നും അവന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. ഷോട്ടുകളെല്ലാം അവന് ഇഷ്ടപ്പെടുന്നത് വരെ എടുക്കും. പെര്‍ഫക്ടാണെന്ന് അവന് തോന്നുമ്പോൾ ഓക്കെ പറയും,"മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ മല്ലിക തന്റെ കൊച്ചുമകളും പൃഥ്വിരാജിന്റെ മകളുമായ അല്ലിയെപ്പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞത് വൈറൽ ആയിരുന്നു. ആറു വയസുകാരിയായ കൊച്ചുമകൾ ക്രിസ്തുമസിന് അവരുടെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും കേക്ക് മുറിക്കാൻ വരണമെന്ന് പറഞ്ഞെന്നും പൃഥ്വിരാജ് പോലും തന്നെ വിളിച്ചില്ലെന്ന് താൻ തമാശ രൂപേണ അന്ന് മകനോട് പറഞ്ഞുവെന്നും മല്ലിക വെളിപ്പെടുത്തിയിരുന്നു.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്രോ ഡാഡി. ശ്രീജിത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം, പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ലാലു അലക്സ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 26ന് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
Recommended Video
പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിലും പൃഥ്വിരാജിനൊപ്പം മല്ലിക സുകുമാരൻ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ അമ്മയായി തന്നെയാണ് ചിത്രത്തില്‍ മല്ലിക വേഷമിടുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ശബരീഷ് വർമ്മ, കൃഷ്ണ ശങ്കര്‍, അജ്മല്‍ അമീര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











