മാമാങ്കം അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗും
മമ്മൂട്ടിയുടെ മാമാങ്കം റിലീസിനായുളള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണുളളത്. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ സിനിമ 55 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച വരവേല്‍പ്പായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഒരേസമയമാണ് എല്ലാ ഭാഷകളിലും സിനിമ റിലീസിനെത്തുന്നത്.

ഡിസംബര്‍ 12നാണ് മെഗാസ്റ്റാര്‍ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മാമാങ്കത്തിന്റെ കേരളത്തിലെയും ഗള്‍ഫ് ,യുഎസ് വിപണികളിലെയും ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നുളള എക്കാലത്തെയും വലിയ റിലീസായിട്ടാണ് ചിത്രം എത്തുന്നത്.

എല്ലാ വിപണികളിലും ഇതുവരെ ഒരു മലയാള ചിത്രം റിലീസ് ചെയ്തിട്ടുളളതിനേക്കാള്‍ സ്‌ക്രീനുകള്‍ സിനിമയ്ക്കുണ്ട്. കേരളത്തില്‍ മാത്രമായി 400ലധികം സ്‌ക്രീനുകള്‍ സിനിമയ്ക്കുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് സംസ്ഥാനമൊട്ടാകെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തൃശ്ശൂര്‍ രാഗം ഉള്‍പ്പെടെയുളള തിയ്യേറ്ററുകളില്‍ കഴിഞ്ഞ ദിവസം ആദ്യ ദിന ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വിറ്റഴിക്കപ്പെട്ടിരുന്നു.

കോഴിക്കോട് അപ്‌സരയടക്കമുളള തിയ്യേറ്ററുകളിലും മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗിന് ലഭിച്ചത്. അതേസമയം തന്നെ മുഴുവന്‍ സക്രീനുകളിലെയും ബുക്കിംഗ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അറിയുന്നു.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മമ്മൂട്ടിയുടെ മാമാങ്കം നിര്‍മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പ്രൊമോ സോംഗും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന തരത്തിലുളള രംഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുളള പ്രൊമോ സോംഗ് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. യൂടൂബില്‍ ഇതുവരെയായി രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, മാസ്റ്റര്‍ അച്യൂതന്‍, പ്രാചി ടെഹ്ലാന്‍,അനു സിത്താര, കനിഹ, ഇനിയ, മണിക്കുട്ടന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications