മരുന്നു വാങ്ങാന്‍ 1000 രൂപ കൊടുത്ത്, ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയിലിട്ട് കൈയ്യടി നേടുന്ന മിടുക്ക് എനിക്കില്ല
മലയാള സിനിമയിലെ പ്രമുഖനായ നിര്‍മാതാവാണ് വേണു കുന്നപ്പിള്ളി. ബിഗ് ബജറ്റിലൊരുക്കിയ മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ നിര്‍മാതാവായി വന്നത് മുതലാണ് വേണുവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായി തുടങ്ങിയത്. അതിന് ശേഷം ചാവേര്‍, 2018, മാളികപുറം എന്നിങ്ങനെ നിരവധി സിനിമകളും വേണുവിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങി. അങ്ങനെ സിനിമയില്‍ സജീവമായി നില്‍ക്കുയാണ്.
ഇതിനിടെ ഗുരുവായൂരില്‍ വേണു കുന്നപ്പിള്ളി ഗരുഡ പ്രതിഷ്ഠ നടത്തിയ വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധ്യയിലെ നവീകരിച്ച മഞ്ജുളാല്‍ തറയുടെയും പുതിയ വെങ്കലത്തില്‍ തീര്‍ത്ത ഗരുഡ ശില്‍പത്തിന്റെയും സമര്‍പ്പണത്തെ കുറിച്ച് അദ്ദേഹം തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്.

ഈ വാര്‍ത്ത പുറത്ത് വന്നതോടെ സാധാരണ വരാറുള്ളത് പോലെ നെഗറ്റീവ് കമന്റുകളാണ് നിര്‍മാതാവിന് നേരിടേണ്ടി വന്നത്. ആ പൈസ കൊണ്ട് പാവങ്ങള്‍ക്ക് എന്തെങ്കിലും ചെയ്ത് കൊടുത്തൂടായിരുന്നോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ ഇതിനെല്ലാമുള്ള മറുപടിയുമായിട്ടാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.
''ഈ മാസം ഒന്നാം തീയതിയായിരുന്നു ഗുരുവായൂരില്‍ മഞ്ജുളാല്‍ സമര്‍പണവും, ഗരുഡ പ്രതിഷ്ഠയും നടന്നത്. പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയില്‍ കൂടിയും വ്യാപകമായാണ് ഇതിന്റെ ചിത്രങ്ങളും വാര്‍ത്തയുമെല്ലാം പ്രചരിച്ചത്. ഗുരുവായൂരമ്പലത്തിനോട് ചേര്‍ന്ന് ഏവരും ശ്രദ്ധിക്കുന്ന ഒരു കാര്യമായത് കൊണ്ടായിരിക്കും ഇതിനിത്രയേറെ പ്രചാരണം ലഭിച്ചത്.
ഈ വാര്‍ത്തകള്‍ക്ക് ചുവടെ വന്ന കുറേയേറെ കമന്റുകള്‍ സുഹൃത്തുക്കളെനിക്ക് അയച്ചു തന്നിരുന്നു... ചിലതെല്ലാം വായിച്ചതില്‍ നിന്നും ഏറെക്കുറെ പലതിന്റെയും സ്വഭാവം ഒന്നുതന്നെയാണെന്നു വ്യക്തമായി. 'അതിന് ചെലവ് ചെയ്ത പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുകൊടുത്തു കൂടെ? മരുന്നു വാങ്ങാന്‍ പണം കൊടുത്തു കൂടെ? കല്യാണം നടത്തി കൊടുത്തു കൂടെ? ദൈവങ്ങള്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ? ഇതു പോലുള്ള ഒട്ടും വിചിത്രമല്ലാത്ത കമന്റുകളാണ് ഏറെയും. ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും, ചില കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് തോന്നി...
ഒരു വ്യക്തി സമൂഹത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്, ചെയ്തിരിക്കുന്നത്, ചെയ്യാന്‍ പോകുന്നത് എന്നൊന്നും യാതൊരു നിശ്ചയമില്ലാതെ അവന് പഴിക്കുന്നത് എന്തെടിസ്ഥാനത്തിലാണ്? കഴിഞ്ഞുപോയ കാലത്ത്, എത്ര പേരെ ഏതെല്ലാം രീതിയില്‍ സഹായിച്ചിട്ടുണ്ടെന്ന് ഇവര്‍ക്ക് ആര്‍ക്കെങ്കിലുമറിയാമോ?
മരുന്നു വാങ്ങാന്‍ 1000 രൂപ കൊടുത്ത്, മീഡിയാക്കാരെ ചുറ്റും കൂട്ടി ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയിലിട്ട് കൈയ്യടി നേടുന്ന മിടുക്ക് എനിക്കില്ല. ഗതികേട് കൊണ്ട് ആരുടെയെങ്കിലും സഹായം മേടിക്കുന്നവനെ, ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നത് അത്ര നല്ല കാര്യമായി തോന്നിയിട്ടില്ല. എത്രയോ വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്യാനും, വീട് വെച്ചു കൊടുത്തും, കല്യാണം നടത്തിയും, ഹോസ്പിറ്റല്‍ ഓപ്പറേഷനും, ചികിത്സക്കും, പഠന ചെലവും തുടങ്ങി പലതുമായി ആളുകളെ സഹായിക്കുന്നു. ഒരടിമയുടേയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ലയിത്.

കോവിഡ് കാലത്ത് ഗള്‍ഫിലകപ്പെട്ട കുറേയേറെ പാവപ്പെട്ടവരെ നാട്ടിലെത്തിച്ചത് മാത്രമായിരിക്കും ജനങ്ങളറിഞ്ഞ എന്റെയൊരു ചാരിറ്റി പ്രവര്‍ത്തനം. സോഷ്യല്‍ മീഡിയയില്‍ വന്ന് കളിയാക്കി, ചീത്ത പറയുന്ന ഈ ദുരന്ത ജന്മങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാമോ? ഇവരൊക്കെ ആര്‍ക്കെന്ത് സഹായമാണ് ചെയ്തിട്ടുള്ളതെന്ന്? എത്രപേര്‍ക്ക് വീട് വച്ചുകൊടുത്തിട്ടുണ്ടെന്ന്? ജീവിതത്തില്‍ പാവപ്പെട്ടവനൊരു ചായ പോലും മേടിച്ചു കൊടുക്കാത്ത പാഴ്ജന്മങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്ന് ക്ലാസ്സെടുക്കുന്നത്.
ജീവിതം എല്ലാവര്‍ക്കും ഒരേ പോലെയാണ്. കഠിനാധ്വാനം ചെയ്ത്, റിസ്‌ക്കുകള്‍ ഏറ്റെടുത്ത്, സമ്പത്തുണ്ടാക്കി പറ്റുന്ന രീതിയില്‍ ചുറ്റുമുള്ളവരെ സഹായിച്ച് സന്തോഷത്തോടെ ജീവിക്കണമോ, അതോ രാവിലെ മുതല്‍ രാത്രി വരെ, സോഷ്യല്‍ മീഡിയയില്‍ തപ്പി പോസിറ്റീവ് കാര്യങ്ങള്‍ക്ക് നെഗറ്റീവ് കമന്റും, തെറിയും പറഞ്ഞ് ജീവിതം ഹോമിക്കണോ എന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.
രണ്ടുവര്‍ഷത്തോളമെടുത്ത ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍, മുടക്കു മുതലിന്റെ പകുതിയും നൂറുകണക്കിന് ആളുകളുടെ ശമ്പളമായിട്ടാണ് കൊടുത്തിരിക്കുന്നത്. കൂടാതെ ഇതിനു ഉപയോഗിച്ച സാധനങ്ങള്‍, അത് കൊണ്ടുവരാനും മറ്റുമുള്ള ജോലിക്കാര്‍ തുടങ്ങി എത്രയോ ആളുകള്‍ക്കാണ് വരുമാനമുണ്ടായത്? ഇതൊന്നും ചിന്തിക്കാതെ, ആ കാശു കൊണ്ട് വീട് വെച്ചു കൊടുത്തു കൂടെ എന്നു പറയുന്നവരോട് എന്തു പറയാന്‍?'' എന്നും പറഞ്ഞാണ് വേണു കുന്നപ്പിള്ളി എഴുത്ത് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











