ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനം എത്തി, മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം കിടിലന്‍ പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ നടന്‌റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ഏതെങ്കിലും സിനിമകളുടെ പോസ്റ്ററുകളോ ടീസറുകളോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി-അമല്‍ നീരദ് ടീമിന്‌റെ ഭീഷ്മപര്‍വ്വം സിനിമയുടെ കിടിലന്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു സംഘടന രംഗത്തിന്‌റെ ഇടയില്‍ എടുത്ത മമ്മൂട്ടിയുടെ ചിത്രമാണ് ഭീഷ്മപര്‍വ്വത്തിന്‌റെതായി പുറത്തുവന്നിരിക്കുന്നത്. ഭീഷ്മവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിട്ടാണ് മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബി റിലീസ് ചെയ്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. അമേരിക്കന്‍ സംവിധായകന്‍ ആന്‍ഡി വാര്‍ഹോളിന്‌റെ 'സമയം എപ്പോഴും മാറുമെന്ന് അവര്‍ പറയുന്നു, പക്ഷേ നിങ്ങള്‍ അവ സ്വയം മാറ്റണം' എന്ന ഉദ്ധരി പങ്കുവെച്ചാണ് അമല്‍ നീരദ് ഭീഷ്മപര്‍വ്വത്തിന്‌റെ പോസ്റ്റര്‍ പുറത്തുവിട്ടത്.
ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിരയാണ് എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൊച്ചിയാണ് ഭീഷ്മപര്‍വ്വത്തിന്‌റെ പ്രധാന ലൊക്കേഷന്‍.
മുന്‍പ് ഭീഷ്മപര്‍വ്വത്തിന്‌റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. താടിയും മുടിയും നീട്ടിയുളള കിടിലന്‍ ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ എത്തുന്നത്. പ്രഖ്യാപന വേള മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ നിന്നും ഒരു മാസ് ആക്ഷന്‍ ചിത്രത്തില്‍ നിന്നും കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
അതേസമയം ഭീഷ്മപര്‍വ്വത്തിന്‌റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. കാത്തിരിപ്പ് വെറുതെ ആയില്ല, പോസ്റ്റര്‍ പൊളിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. അല്പം വൈകിയാല്‍ എന്താ.. വന്നത് ഞെരിപ്പു ഐറ്റം അല്ലെ എന്ന് ആരാധകര്‍ പറയുന്നു. മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ട് ആയതിനാല്‍ പ്രതീക്ഷകള്‍ ഏറെയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഭീഷ്മപര്‍വ്വം പോസ്റ്റര്‍ ആഘോഷിക്കുന്ന സമയത്ത് തന്നെ ബിലാലിന്‌റെ വരവ് എന്നാണെന്നും ആരാധകര്‍ ചോദിക്കുന്നു.
2007ലാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ബിഗ്ബി പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഇറങ്ങിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, നഫീസ അലി, പശുപതി, വിജയരാഘവന്‍, ഇന്നസെന്‌റ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ബിഗ്ബി. എന്നാല്‍ റിലീസിന് ശേഷമാണ് സിനിമ ശ്രദ്ധിക്കപ്പെട്ടത്. തിയ്യേറ്ററുകളില്‍ വിജയമായില്ലെങ്കിലും ഡിവിഡി റിലീസിന് ശേഷം ബിഗ്ബി പലരുടെയും ഇഷ്ട ചിത്രമായി മാറി.
മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രം തന്നെയാണ് ബിഗ്ബിയിലെ മുഖ്യ ആകര്‍ഷണമായി എല്ലാവരും പറഞ്ഞത്. ബിഗ് ബിക്ക് ശേഷം ബിലാല്‍ ആണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പലരും പ്രതീക്ഷിച്ചതെങ്കിലും ഭീഷ്മപര്‍വ്വം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു അമല്‍ നീരദ്. ഭീഷ്മപര്‍വ്വത്തിന് പിന്നാലെ ബിലാലും ഉടന്‍ വരുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.


Click it and Unblock the Notifications











