പോസ്റ്റര്‍ യുദ്ധം; സൂപ്പറുകള്‍ക്കൊപ്പം ദിലീപും
സൂപ്പര്‍താരചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത് പലപ്പോഴും സംഭവബഹുലമാകാറുണ്ട്. ഫാന്‍സ് അസോസിയേഷനുകളാണ് പലപ്പോഴും സൂപ്പര്‍താരചിത്രങ്ങളുടെ റിലീസിനെ വന്‍ സംഭവമാക്കി മാറ്റാറുള്ളത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ അത് വാര്‍ത്തയാക്കാന്‍ ആരാധകര്‍ മത്സരമനോഭാവത്തോടെ പല പരിപാടികളും നടത്താറുണ്ട്. ഇക്കൂട്ടത്തില്‍ ആരാധകര്‍ തമ്മിലുള്ള അടി, ഇടി, വഴക്കുകളും പഞ്ചവാദ്യം മുതല്‍ പാലഭിഷേകം വരെയുള്ള പരിപാടികളും ഉണ്ടാകാറുണ്ട്.
ഇത്തവണത്തെ വിഷുവിന് സൂപ്പര്‍താരചിത്രങ്ങള്‍ ഒന്നിച്ചെത്തിയപ്പോഴുണ്ടായത് പോസ്റ്റര്‍ യുദ്ധമായിരുന്നു. സിദ്ധിഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'ലേഡീസ് ആന്റ് ജെന്റില്‍മാനും ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ 'ഇമ്മാനുവലു'മായിരുന്നു വുഷിവിനെത്തിയ സൂപ്പര്‍താരചിത്രങ്ങള്‍. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ വന്‍ കളക്ഷന്‍ നേടിയപ്പോള്‍ ഇമ്മാനുവലും മികച്ച അഭിപ്രായം നേടി വിജയം കണ്ടു.

രണ്ട് ചിത്രങ്ങള്‍ക്കും കഴിയാവുന്നത്ര പ്രചാരണം നല്‍കാന്‍ അരാധകര്‍ സോഷ്യല്‍മീഡിയകളില്‍ സജീവമായിരുന്നു. ഫേസ്ബുക്കിലും മറ്റും രണ്ട് ചിത്രങ്ങളുടെയും വൈവിധ്യമാര്‍ന്ന പോസ്റ്ററുകള്‍ വന്നുകൊണ്ടിരുന്നു. ലേഡീസ് ആന്റ് ജെന്റില്‍മാന് ലാല്‍ ആരാധകര്‍ നല്‍കിയ വിശേഷണം 'ലാല്‍ മാജിക്ക് വീണ്ടും' എന്നായിരുന്നു. ഇതുകണ്ട് മമ്മൂട്ടി ഫാന്‍സ് വെറുതെയിരുന്നില്ല. അവര്‍ അല്‍പം കൂടി കടത്തിയൊരു തലക്കെട്ടിട്ടു, 'ഇത് വെറും പോസ്റ്റര്‍ മാജിക് അല്ല ഇതാണ് സക്‌സസ് മാജിക്' എന്നായിരുന്നു ഇമ്മാനുവലിന്റെ വിശേഷണം.
എന്തായാലും മമ്മൂട്ടിയും ലാലും സൂപ്പര്‍താരപദവിയിലേറിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത് മത്സരം തന്നെയാണ് ഉണ്ടാക്കുന്നത്. താരങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം മാത്രമേ നിലവിലുള്ളുവെങ്കിലും ആരാധകര്‍ പലപ്പോഴും അതിരുകടക്കുകയാണ് പതിവ്. എന്തായാലും ഇത്തവണത്തെ വിഷുവിന് കണ്ടത് ഓണ്‍ലൈന്‍ പോസ്റ്റര്‍ മത്സരമായത് നന്നായി.
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ദിലീപും ഇത്തവണ 'മാജിക'് എന്ന വാക്കിനെ ഏറ്റെടുത്ത് സ്വന്തം വിഷുച്ചിത്രമായ സൗണ്ട് തോമയുടെ പോസ്റ്ററുകളില്‍ ഉപയോഗിച്ചതും ശ്രദ്ധനേടി. 'പീപ്പിള്‍സ് മാജിക് വിത്ത് ദി പോപ്പുലര്‍ ഹീറോ' എന്നാണ് സൗണ്ട് തോമയുടെ പോസ്റ്ററുകളില്‍ കാണുന്നത്. 'ക്രോര്‍ ക്ലബ്ബ'് എന്നെല്ലാം പറയുന്നതുപോലെ ഇപ്പോള്‍ ദിലീപും 'മാജിക് ക്ലബ്ബി'ല്‍ ചേര്‍ന്നിരിക്കുകയാണ്. പോസ്റ്റര്‍ യുദ്ധം നടത്തി ശ്രദ്ധ നേടുന്നതിന് പകരം ഏറ്റവും മികച്ചതെന്ന് തോന്നുന്ന ചിത്രങ്ങള്‍ മാത്രം താരങ്ങള്‍ ഏറ്റെടുത്തിരുന്നുവെങ്കില്‍ പണം മുടക്കി പടം കാണുന്ന കാണികള്‍ക്ക് ശരിയ്ക്കും മാജിക് ഫീല്‍ ഉണ്ടാകുമെന്നുകൂടി ഇവര്‍ ഓര്‍ത്തിരുന്നാല്‍ നന്നായിരിക്കും.


Click it and Unblock the Notifications











