twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും രജനീകാന്തും രാഷ്ട്രീയത്തില്‍?

    By Nirmal Balakrishnan
    |

    ദക്ഷിണേന്ത്യ ഉറ്റുനോക്കുകയാണ് രണ്ടു താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം. മലയാളത്തിന്റെ മമ്മൂട്ടിയും തമിഴിന്റെ രജനീകാന്തും രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയെല്ലാം. മമ്മൂട്ടി ഇടതുമുന്നണിക്കു വേണ്ടി മല്‍സരിക്കുമെന്നും രജനീകാന്ത് ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നുമുള്ള അഭ്യൂഹം പ്രചരിച്ചതോടെ ദക്ഷിണേന്ത്യന്‍ സിനിമാലോകവും രാഷ്ട്രീയവും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ചൂടുപിടിച്ചു കഴിഞ്ഞു.

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വേണ്ടി തിരുവനന്തപുരത്തോ എറണാകുളത്തോ മമ്മൂട്ടി മല്‍സരിക്കുമെന്നാണ് കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരോ എറണാകുളത്ത് കെ.വി.തോമസിനെതിരോ ആയിട്ട് മമ്മൂട്ടി മല്‍സരിക്കുമെന്ന് പ്രചരിച്ചതോടെ പല രാഷ്ട്രീയക്കാരും സിനിമാക്കാരും മമ്മൂട്ടിയുടെ പിന്നാലെയായി. താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നില്ല എന്ന് മമ്മൂട്ടി നയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയെ പിന്താങ്ങുന്ന സിപിഎം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

    Mammootty and Rajanikanath

    മമ്മൂട്ടിയെ തിരഞ്ഞെടുപ്പില്‍ കൊണ്ടുവരാന്‍ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ വീണ്ടും മല്‍സരിച്ചാല്‍ അദ്ദേഹം ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം നല്ല പ്രതിച്ഛായയാണ് അദ്ദേഹത്തിനു തലസ്ഥാനനഗരിയില്‍ ഉള്ളത്. തരൂരിന്റെ ഗ്ലാമറിനെ വെല്ലാന്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ കരുത്തരൊന്നുമില്ല. അതുകൊണ്ടാണ് പാര്‍ട്ടിയുടെ ചാനലായ കൈരളിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയെ തന്നെ കൊണ്ടുവരാന്‍ നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. അതേസമയം യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളൊക്കെയുമായി നല്ല ബന്ധമാണ് മമ്മൂട്ടിക്കുള്ളത്. ആ ബന്ധം വേണ്ടെന്നു വച്ച് അദ്ദേഹം മല്‍സരിക്കാന്‍ തയ്യാറാകുമോ എന്നൊരു സംശയം കൂടിയുണ്ട്.

    ഇങ്ങനെയൊരു അവസ്ഥ തന്നെയാണ് തമിഴ്‌നാട്ടിലുമുള്ളത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുമായുള്ള രജനീകാന്തിന്റെ അടുപ്പമാണ് അദ്ദേഹം ബിജെപിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന പ്രചാരണത്തിനു പിന്നില്‍. രജനീകാന്തിന്റെ പിന്തുണ വരുന്നതിരഞ്ഞെടുപ്പില്‍ ബിജെപി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ല എന്നിരിക്കെ വരുംദിവസങ്ങളില്‍ ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കും.

    English summary
    Report says actors Mammooty and Rajanikanth join to politics.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X