പുരസ്കാരങ്ങള്‍ക്ക് കടപ്പാട് ആര്‍ട് സിനിമയോട്
വാണിജ്യ സിനിമയാണ് മമ്മൂട്ടിയെ സൂപ്പര്‍താരമാക്കിയതെങ്കിലും സമാന്തര സിനിമയോട് ഒരു നടനെന്ന നിലയില്‍ അദ്ദേഹം ഏറെ കടപ്പെട്ടിരിക്കുന്നു. ദേശീയതലത്തില്‍ മികച്ച നടനുള്ള അംഗീകാരം മൂന്ന് തവണ നേടിയ നടനെന്ന ബഹുമതി മമ്മൂട്ടി കമലഹാസനൊപ്പം പങ്കിടുന്നത് സമാന്തര സിനിമയില്‍ അദ്ദേഹത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൂടെയാണ്.
സമാന്തര സിനിമ ഒട്ടും പ്രബലമല്ലാത്ത തമിഴ് സിനിമയിലെ സൂപ്പര്‍താരമായ കമലഹാസന്‍ മൂന്ന് വട്ടവും ദേശീയ അവാര്‍ഡ് നേടിയത് വാണിജ്യ സിനിമയിലെ അഭിനയത്തിനാണ്. സത്യ, മണിരത്നത്തിന്റെ നായകന്‍, ഷങ്കറിന്റെ ഇന്ത്യന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തത്. തമിഴിലെ സൂപ്പര്‍ഹിറ്റുകളായിരുന്നു ഈ മൂന്ന് ചിത്രങ്ങളും.
മലയാളത്തില്‍ നിന്നും രണ്ടു വട്ടം ദേശീയ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് ആദ്യത്തെ തവണ ഈ അംഗീകാരം ലഭിച്ചത് വാണിജ്യ സിനിമയായ ഭരതത്തിലെ അഭിനയത്തിനാണ്. രണ്ടാമത്തെ ദേശീയ അവാര്‍ഡ് സമാന്തര സിനിമയായ വാനപ്രസ്ഥത്തിനായിരുന്നെങ്കിലും ലാലിന്റെ അഭിനയ മികവ് പുരസ്കാരങ്ങള്‍ നേടിയെടുത്തത് മിക്കപ്പോഴും വാണിജ്യ സിനിമയിലൂടെയായിരുന്നു. ദേശീയ തലത്തിലുള്ള പ്രത്യേക ജൂറി അവാര്‍ഡ് മോഹന്‍ലാലിന് ലഭിച്ചത് കിരീടത്തിലെ അഭിനയത്തിനാണ്. ഒടുവിലത്തെ ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ അമിതാഭ് ബച്ചനുമായി മോഹന്‍ലാലിന് കടുത്ത മത്സരം കാഴ്ച വയ്ക്കാനായത് വാണിജ്യ സിനിമയോട് കൂടുതല്‍ അടുപ്പമുള്ള തന്മാത്ര എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ ബലത്തിലാണ്.
അതേ സമയം മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡുകള്‍ കിട്ടിയത് സമാന്തര സിനിമയിലെ അഭിനയചാതുരിയ്ക്കാണ്. ആദ്യത്തെ തവണ അവാര്‍ഡ് സമാന്തര സിനിമയായ മതിലുകളിലെയും വാണിജ്യ സിനിമയായ വടക്കന്‍ വീരഗാഥയിലെയും അഭിനയത്തിനായിരുന്നു. രണ്ടാമത്തെ അവാര്‍ഡ് ആര്‍ട് ചിത്രങ്ങളായ വിധേയന്‍, പൊന്തന്‍മാട എന്നിവയിലെ അഭിനയത്തിനും. മൂന്നാമത്തെ അവാര്‍ഡ് ബോക്സോഫീസ് വിജയത്തേക്കാള്‍ ഫിലിം ഫെസ്റ്റിവലുകളിലെ അംഗീകാരം ലക്ഷ്യമിട്ടൊരുക്കിയ ഡോ. അംബേദ്കര്‍ എന്ന ചിത്രത്തിനും.
അടുത്ത പേജുകള്‍


Click it and Unblock the Notifications