മമ്മൂട്ടി എല്ലാം നേരിട്ടുകേട്ടു! അമ്മയുടെ യോഗത്തില്‍ മെഗാസ്റ്റാര്‍ മീഡിയേറ്ററായപ്പോള്‍ സംഭവിച്ചത്???
ഞായറാഴ്ചയായിരുന്നു അമ്മയുടെ വാര്‍ഷിക യോഗം നടന്നത്. മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളുമെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഗോയത്തിലേക്കുള്ള താരങ്ങളുടെ വരവും യോഗത്തിന് ശേഷമുള്ള സെല്‍ഫിയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സെല്‍ഫിയെടുത്തും കുശലം പറഞ്ഞുമൊക്കെയായി താരങ്ങളെല്ലാം നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ആഘോഷിക്കുകയായിരുന്നു. വനിതാ സംഘടനയിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് പലരും അമ്മയുടെ യോഗത്തിലേക്ക് എത്തിയത്. പദവി ഒഴിഞ്ഞുവെങ്കിലും മമ്മൂട്ടിയും ഇന്നസെന്റുമൊക്കെ യോഗത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.
കൈനിറയെ സിനിമകളുമായി മുന്നേരുന്നതിനിടയില്‍ സംഘടനാ ഭാരവാഹിത്വം കൃത്യമായി നിര്‍വഹിക്കാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് മമ്മൂട്ടി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. തല്‍സ്ഥാനത്ത് തുടരുന്നതിനായി അദ്ദേഹത്തെ നിര്‍ബന്ധിച്ചിരുന്നുവെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. നേതൃനിരയില്‍ ഇല്ലെങ്കിലും യോഗത്തില്‍ കൃത്യമായി പങ്കെടുത്തിരുന്നു അദ്ദേഹം. പതിവില്‍ നിന്നും വ്യത്യസ്തമായി ഡബ്ലുസിസി അംഗങ്ങളുടേയും അമ്മ അംഗങ്ങളുടേയും ഇടയിലെ മീഡിയേറ്ററിന്റെ റോളില്‍ കൂടിയായിരുന്നു അദ്ദേഹം ഇത്തവണ എത്തിയത്. സംഘടനയില്‍ നിന്നും പുറത്തുപോയവരെ അംഗത്വ ഫീസ് പോലും വാങ്ങാതെ തിരികെ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മീഡിയേറ്ററിന്റെ റോളില്‍
അമ്മയുടെ നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് വനിതാ അംഗങ്ങളില്‍ ചിലര്‍ സംഘടനയില്‍ നിന്നും പുറത്തേക്ക് പോയത്. ഇരയേയും വേട്ടക്കാരനേയും ഒരുപോലെ സംരക്ഷിക്കുന്ന നിലപാടിനോട് യോജിക്കാനാവില്ലെന്ന് ഡബ്ലുസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയായാണ് ഇവര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്. ഇവരുടെ തിരിച്ചുവരവും അമ്മയുടെ ഭരണഘടന ഭേദഗതിയുമൊക്കെയായിരുന്നു ഇത്തവണത്തെ യോഗത്തിലെ പ്രധാന വിഷയങ്ങള്‍. മീഡിയേറ്ററിന്റെ റോളിലാണ് ഇത്തവണ മമ്മൂട്ടി പ്രവര്‍ത്തിച്ചത്. വനിതാ സംഘടനയിലെ അംഗങ്ങളും അമ്മയിലെ അംഗങ്ങളുമായെല്ലാം അദ്ദേഹം സംസാരിച്ചിരുന്നു.

സന്തോഷമുണ്ടെന്ന് പാര്‍വതി
പതിവില്‍ നിന്നും വ്യത്യസ്തമായി ഡബ്ലുസിസി അംഗങ്ങളും യോഗത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്നും സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിലപാടുകള്‍ പുന:പരിശോധിക്കണമെന്നുമൊക്കെയായിരുന്നു ഡബ്ലിസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടത്. പാര്‍വതിയും രേവതിയുമുള്‍പ്പടെയുള്ള വനിതാ അംഗങ്ങള്‍ ഇത്തവണത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള നിലപാട് ഇവര്‍ പറഞ്ഞിരുന്നു. യോഗത്തിന് മുന്‍പ് മമ്മൂട്ടിയും ജോയ് മാത്യുവുമൊക്കെ തങ്ങളുമായി സംസാരിച്ചിരുന്നു. അവരുള്‍പ്പടെ അമ്മയിലെ അംഗങ്ങള്‍ കൂടുതലായി തങ്ങളുടെ നിലപാടിനെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമൊക്കെ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

സഹകരിച്ച് മുന്നോട്ട് പോവണം
പാര്‍വതിയും രേവതിയും മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെല്ലാം മമ്മൂട്ടി ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. അവരെ പിന്തുണച്ചതിനോടൊപ്പം തന്നെ അമ്മയുമായി സഹകരിച്ച് തന്നെ വനിതാ സംഘടന മുന്നോട്ട് പോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് രാജി വെച്ച് പോയവരെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. അംഗത്വ ഫീസ് പോലും വാങ്ങാതെ അവരെ തിരികെ പ്രവേശിപ്പിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപേക്ഷ നല്‍കിയതിന് ശേഷം അവര്‍ക്ക് തിരിച്ച് വരാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

പരസ്യമായി രംഗത്തുവന്നു
അമ്മയും ഡബ്ലുസിസിയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു പലരും. എല്ലാത്തിനെക്കുറിച്ചും മനസ്സിലാക്കിയിട്ടും ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു പല താരങ്ങളും. എന്നാല്‍ ഇപ്പോള്‍ താരങ്ങളില്‍ പലരും നിലപാട് മാറ്റിയിരിക്കുകയാണ്. അതിലിടപെടാതെ നിന്നവര്‍ തന്നെ സമവായത്തിനുള്ള ശ്രമവുമായി എത്തിയിരിക്കുകയാണ്. അനുരഞ്ജനത്തിനുള്ള സാധ്യത തെളിഞ്ഞതോടെയാണ് മമ്മൂട്ടിയും പരസ്യമായി രംഗത്തെത്തിയത്.

മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം
വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മോഹന്‍ലാല്‍ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സംഘടനയില്‍ നിന്നും രാജി വെച്ച് പുറത്തുപോയവര്‍ക്ക് അപേക്ഷ നല്‍കി തിരിച്ചുവരാവുന്നതാണ്. അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭരണഘടന ഭേദഗതി നടപ്പിലാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അംഗങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications