മമ്മൂട്ടി ഷെഡ്യൂളുകള്‍ മാറ്റിമറിയ്ക്കുന്നു
ഷെഡ്യൂളുകള്‍ മാറ്റിമറിയ്ക്കുന്നത് മമ്മൂട്ടിക്ക് പുതിയ കാര്യമല്ല. നേരത്തെ അനൗണ്‍സ് ചെയ്ത പ്രൊജക്ടുകളുടെ ഷൂട്ടിംഗ് നീട്ടിവച്ച് പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടിക്ക് മടിയില്ല. ഇഷ്ടപ്പെട്ട പ്രൊജക്ടുകള്‍ കാലതാമസം വരുത്താതെ ഉടന്‍ തുടങ്ങുന്ന രീതിയും മമ്മൂട്ടിക്കുണ്ട്.
കഴിഞ്ഞ വര്‍ഷം മമ്മൂട്ടി അഭിനയിച്ച കയ്യൊപ്പ് നേരത്തെ അനൗണ്‍സ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ അദ്ദേഹം ഡേറ്റ് നല്‍കുകയും ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുകയുമായിരുന്നു. 2007 ജനവരിയില്‍ ചിത്രം റീലീസ് ചെയ്യുകയും ചെയ്തു.
രൗദ്രത്തിനും കഥ പറയുമ്പോള്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി ചെയ്യാനിരുന്ന ചിത്രമാണ് കെ.പത്മകുമാറിന്റെ റിക്ഷക്കാരന്‍. എന്നാല്‍ ഇപ്പോള്‍ റിക്ഷക്കാരന്റെ ഷൂട്ടിംഗ് മാറ്റിവയ്ക്കാനാണ് മമ്മൂട്ടി തീരുമാനിച്ചിരിക്കുന്നത്. പകരം ടിവി സീരിയല്‍ രംഗത്തു നിന്നും സിനിമയിലെത്തിയ കെ.കെ.രാജീവിന്റെ ആദ്യചിത്രത്തിന് അദ്ദേഹം ഡേറ്റ് നല്‍കിയിരിക്കുന്നു.
ചെമ്പകരാമന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 21 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷമാദ്യം റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നായിരിക്കും ചെമ്പകരാമന്‍.


Click it and Unblock the Notifications