ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടിയ്ക്ക് നര സ്റ്റൈല്‍
അറുപത് കഴിഞ്ഞാലും താരങ്ങള്‍ കറുത്ത മുടിയുമായിത്തന്നെ അഭിനയിക്കണമെന്ന സിനിമയിലെ അലിഖിത നിയമം മാറുന്നു. ഇരുപതുകളിലും മുപ്പതുകളിലും അല്‍പം നരകയറിയ തലയ്ക്ക് ആരാധകരേറുകയാണ്. തമിഴകത്തിന്റെ തല അജിത്ത് കുമാര്‍ സ്റ്റൈലാക്കി മാറ്റിയ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് മലയാളത്തിലും ട്രെന്‍ഡ് ആയി മാറുകയാണ്.
മമ്മൂട്ടിയാണ് ഏറ്റവും പുതിയതായി സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്താന്‍ പോകുന്നത്. ആഷിക് അബു ഒരുക്കുന്ന ദി ഗ്യാങ്‌സ്റ്ററിലാണ് മമ്മൂട്ടിയ്ക്ക് സാള്‍ട് ആന്റ് പെപ്പര്‍ ലുക്ക്. ചിത്രത്തിന്റെ ഷൂട്ടിങ് മംഗലാപുരത്തും കാസര്‍ക്കോട്ടുമായി പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് 5 വ്യത്യസ്ത ഗറ്റപ്പുകളുണ്ട്, ഒപ്പം അല്‍പം നരകയറിയ തലയും.

അണിയറക്കാര്‍ ഇതുവരെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പക്ഷേ ചിത്രത്തില്‍ മമ്മൂട്ടി നര സ്റ്റൈലുമായിട്ടാണ് എത്തുകയെന്നകാര്യം അണിയറക്കാര്‍ ഉറപ്പിച്ചുപറയുന്നുണ്ട്. നേരത്തേ വികെ പ്രകാശ് സംവിധാനം ചെയ്ത സയലന്റ്‌സില്‍ മമ്മൂട്ടി കൃതാവിലും മീശയിലുമെല്ലാം ചെറിയ നരയുമായി എത്തിയിരുന്നു.
ഇതിന് മുമ്പ് മോഹന്‍ലാല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലെത്തിയ ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. അടുത്തിടെ റിലീസായ ജില്ലയിലും മോഹന്‍ലാലിന് നരച്ച സ്‌റ്റൈലായിരുന്നു. അണിയറയില്‍ തയ്യാറാകുന്ന മറ്റു ചില ചിത്രങ്ങളിലും ലാലിന് നരകയറിയ തലയാണെന്നാണ് കേള്‍ക്കുന്നത്. എന്തായാലും മോഹന്‍ലാലിന്റെ അടുത്ത സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് എത്തുന്നതിന് മുമ്പേ മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications











