മമ്മൂട്ടിക്കെന്നും പെരുന്നാളു തന്നെ
യുവതാരങ്ങളുടെ ഗംഭീര വിജയത്തിലും താരത്തിളക്കത്തിനും ഒരു മങ്ങലുമേല്‍ക്കാത്ത നടന്‍ മമ്മൂട്ടിയാണ്. ഏഴു ചിത്രമാണ് അദ്ദേഹം നായകനായി ഒരുങ്ങുന്നത്. ഏഴും മലയാളത്തിലെ പ്രധാനപ്പെട്ടവര്‍ ഒരുക്കുന്നതുതന്നെ.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാദിന്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. റംസാന്‍ ചിത്രം തിയറ്ററിലെത്തും. മാനസി ശര്‍മയാണു നായിക. ദുര്‍ഗാ പ്രസാദ് എന്നാണു മമ്മൂട്ടിയുടെകഥാപാത്രത്തിന്റെ പേര്.

കുഞ്ഞനന്തന്റെ കടയ്ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരിയാണു രണ്ടാമത്തെ ചിത്രം. ഈ ചിത്രം ഓഗസ്റ്റിലാണു റിലീസ്. ജുവല്‍ മേരിയാണു നായിക. ശ്രീനിവാസന്‍, സിദ്ദീഖ് എന്നിവരും അഭിനയിക്കുന്നു.
കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് ആണ് മൂന്നാമത്തെ ചിത്രം. ഇതിലും ജുവല്‍ മേരി തന്നെയാണു നായിക. ആമേന്റെ തിരക്കഥാകൃത്ത് റഫീഖ് ആണ് ഇതിനു കഥയെഴുതുന്നത്.
ഉദയ് അജയന്‍ എന്ന നവാഗതന്‍ ഒരുക്കുന്ന ചിത്രമാണ് അടുത്തത്. കാനഡയിലായിരിക്കും ചിത്രീകരണം. രഞ്ജിപണിക്കരുടെ മകന്‍ നിധിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തത്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തിരുട്ടുഗ്രാമമാണ് അടുത്ത ചിത്രം. നിഷാദ് കോയയാണു കഥയും തിരക്കഥയും. ആക്ഷന്‍-ഹ്യൂമര്‍ ചിത്രമാണിത്.
ജോഷിയുടെ അസോസിയേറ്റ് ആയ ജമാല്‍ ഒരുക്കുന്ന ചിത്രമാണ് അടുത്തത്. ജമാല്‍ തന്നെയാണു കഥയം തിരക്കഥയും ഒരുക്കുന്നത്. ഇതിനെല്ലാം പുറമെ പുതിയ ധാരാളം സംവിധായകരുടെ കഥകള്‍ മമ്മൂട്ടി സ്ഥിരമായി കേള്‍ക്കുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രവും ഇതിനോടൊപ്പമുണ്ടാകും. രഞ്ജിത്തും രഞ്ജിപണിക്കരുമാണ് കഥയും തിരക്കഥയും.


Click it and Unblock the Notifications











