ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി?
ദൃശ്യം എന്ന ചിത്രം സമീപകാലത്തെ വന്‍ ഹിറ്റായി മാറിയപ്പോള്‍ വാര്‍ത്തയായ ഒരുകാര്യമായിരുന്നു മമ്മൂട്ടി നിരസിച്ച ചിത്രമാണിതെന്നുള്ളത്. ദൃശ്യത്തിന്റെ തിരക്കഥയുമായി സംവിധായകന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം ചിത്രം ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടി അറിയിച്ചു. അതേസമയം ചിത്രം വലിയ ഹിറ്റാകുമെന്ന് കഥവായിച്ച് മമ്മൂട്ടി പറയുകയും ചെയ്തിരുന്നു.
ഒടുവില്‍ മോഹന്‍ലാല്‍ ദൃശ്യം ഏറ്റെടുക്കുകയും അഭിനയിയ്ക്കുകയും വന്‍ഹിറ്റായി മാറുകയും ചെയ്തു. സ്വാഭാവികമായും ദൃശ്യം ചെയ്യാന്‍ കഴിയാതെ പോയതില്‍ മമ്മൂട്ടിയ്ക്ക് നിരാശയുണ്ടാകും. എന്നാല്‍ സൂപ്പര്‍താരത്തിന്റെ നിരാശ മാറ്റാനായി ജീത്തു ജോസഫ് അദ്ദേഹത്തെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കാന്‍പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു ജീത്തു അടുത്ത ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. ആ ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പൃഥ്വിച്ചിത്രം മാറ്റിവച്ച് തല്‍ക്കാലം മമ്മൂട്ടിയ്ക്ക് പറ്റിയ മറ്റൊരു കഥ ആലോചിക്കുകയാണത്രേ സംവിധായകന്‍. മമ്മൂട്ടിയെ നായകനാക്കി ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ് ജീത്തുവിന്റെ മനസിലുള്ളതെന്നാണ് സൂചന.
മെമ്മറീസും ദൃശ്യവും നഷ്ടപ്പെട്ടതോടെ എന്തായാലും ജിത്തുവിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്ന് മമ്മൂട്ടി തീരുമാനിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി ജിത്തു കഥയാലോചിക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്. എന്നാല്‍ മമ്മൂട്ടി ആവശ്യപ്പെട്ടിട്ടാണോ ജിത്തു ജോസഫ് അദ്ദേഹത്തെ നായകനാക്കി ചിത്രമൊരുക്കാന്‍ പോകുന്നത് എന്നകാര്യം വ്യക്തമല്ല.
എന്തായാലും ജീത്തു-മമ്മൂട്ടിച്ചിത്രം ഒരുങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി ഫാന്‍സിന് വലിയ സന്തോഷമാണ് നല്‍കുന്നത്. 2013ല്‍ മോഹന്‍ലാലിന് ദൃശ്യം നല്‍കിയതുപോലെയൊരു വിജയം മമ്മൂട്ടിയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. 2014ല്‍ അതിന്റെ കുറവുതീര്‍ക്കാന്‍ അടുത്ത ജിത്തു ജോസഫ് ചിത്രത്തിലൂടെ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications