ജാനമ്മ ഡേവിഡ്; മമ്മൂട്ടിയും കാളിദാസനും ഒന്നിക്കുന്നു, നിര്‍മാണം ജോണി സാഗരിക!
ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍. ഓണത്തിന് കുട്ടനാടന്‍ ബ്ലോഗ് തിയറ്ററിലേക്ക് എത്തുമ്പോള്‍ അര ഡസനോളം ചിത്രങ്ങളുടെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. തമിഴ് ചിത്രം പേരന്‍പും ഉടന്‍ തിയറ്ററിലേക്ക് എത്തും. വ്യാഴാഴ്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ ചിത്രീകരണം ആരംഭിക്കും. മാമാങ്കം ചിത്രീകരണം പൂര്‍ത്തിയായി വരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍, ബേസില്‍ ജോസഫ് ചിത്രം എന്നിവയ്ക്ക് പുറമെ നിരവധി പ്രൊജക്ടുകളും മമ്മൂട്ടിയെ കാത്തിരിക്കുന്നു.
രാംദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിന് മമ്മൂട്ടി സമ്മതം മൂളിയിരിക്കുകയാണ്. രാംദാസ് പറഞ്ഞ കഥ കേട്ട് ചിത്രം ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിച്ചതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചിത്രത്തില്‍ കാളിദാസ് ജയറാം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കും. മീനയാണ് മമ്മൂട്ടിയുടെ നായിക. ജോണി സാഗരിക നിര്‍മിക്കുന്ന ചിത്രത്തിന് ജാനമ്മ ഡേവിഡ് എന്നാണ് പേരിട്ടിരിക്കുന്നത്.

മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ചിത്രത്തിന്റെ അണയിറയില്‍ ഒന്നുചേരുന്നു. എംജെ രാധാകൃഷ്ണനാണ് ക്യാമറ, എഡിറ്റിംഗ് ബി അജിത്കുമാറും. ബിജിബാലാണ് സംഗീതം. എഴുത്ത് പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു.
പ്രണവിനെ നായകനാക്കി ഒരുക്കിയ ആദിക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസാണ് നായകന്‍. എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിലൂടെ കാളിദാസ് നായകനായി മലയാളത്തില്‍ അരങ്ങേറിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്രം വിജയം നേടിയിരുന്നില്ല.


Click it and Unblock the Notifications