മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു. വലിയ താരനിര അണിനിരക്കുന്ന സിനിമയില്‍ ഒരു വൈദികന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാര്‍ച്ച് 31 വരെ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നാണ് ഷൂട്ടിംഗ് മാറ്റിവെച്ചതെന്നായിരുന്നു വ്യാജ പ്രചാരണം. എന്നാല്‍ മഞ്ജു വാര്യരുടെ തിരക്കുകള്‍ മാനിച്ചാണ് ഷൂട്ടിംഗ് ബ്രേക്ക് എടുത്തതെന്നും അടുത്ത ഷെഡ്യൂള്‍ എപ്രിലില്‍ ആണ് ആരംഭിക്കുകയെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മഞ്ജുവിന് മറ്റൊരു ചിത്രത്തിന്റെ തിരക്കുളളതുകൊണ്ട് നേരത്തെ തീരുമാനിച്ച പ്രകാരമാണ് ഷെഡ്യൂള്‍ ബ്രേക്ക് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയ്യേറ്ററുകള്‍ മാര്‍ച്ച് 31വരെ അടിച്ചിടുമെന്ന് സിനിമാ സംഘടനകള്‍ അറിയിച്ചിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെക്കണോ എന്ന കാര്യത്തില്‍ അതാത് സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും തീരുമാനം എടുക്കാമെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം മഞ്ജു വാര്യര്‍ മമ്മൂട്ടിയുടെ നായികയായി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്. നിഖില വിമല്‍, സാനിയ അയ്യപ്പന്‍, ശ്രീനാഥ് ഭാസി, രാക്ഷസന്‍ ഫെയിം ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേഷ് പണിക്കര്‍, മധുപാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വിഎന്‍ ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് ദ പ്രീസ്റ്റ് നിര്‍മ്മിക്കുന്നത്.
സംവിധായകന്‍ തന്നെ കഥയെഴുതിയ സിനിമയ്ക്ക് അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു. ദീപു പ്രദീപും, ശ്യാം മേനോനുമാണ് ദ പ്രീസ്റ്റിന്റെ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്. രാഹുല്‍ രാജാണ് മമ്മൂട്ടി ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications