For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്ക് ഒരു തുറന്ന കത്ത്..

  By Staff
  |

  പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്......

  അര്‍ദ്ധരാത്രി പന്ത്രണ്ടു മണിക്ക് പരുന്ത് കാണാന്‍ തീയേറ്ററില്‍ ചെന്നിരുന്ന ഞങ്ങളെ പൊതുജനം എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന് അങ്ങേയ്ക്കറിയാമല്ലോ... കുത്തുവാക്കുകളും പരിഹാസങ്ങളും കുടുംബത്തിനകത്തും പുറത്തും ആവോളം ഏറ്റിട്ടും താങ്കളോടുളള ആരാധനയ്ക്ക് ഇന്നേവരെ കേടൊന്നും പറ്റിയിട്ടില്ല. വാനം മുട്ടെ പറക്കുമെന്ന് ഞങ്ങള്‍ ആവേശത്തോടെ പ്രതീക്ഷിച്ച പരുന്ത് പറന്നുയര്‍ന്നതിന്റെ മൂന്നാം പക്കം ചിറകറ്റ് നിലത്തു വീണപ്പോള്‍ ഞങ്ങളുടെ ചങ്കും കീറിപ്പിളര്‍ന്നു പോയി.

  ടി എ റസാഖിന്റെ തിരക്കഥയില്‍ ഇനി അഭിനയിക്കരുതെന്ന് അന്നേ ഞങ്ങള്‍ അങ്ങയോട് പറഞ്ഞതാണ്. എന്നിട്ടും മായാബസാറിനു വേണ്ടി അങ്ങ് റസാഖിന് ഡേറ്റു നല്‍കി. ഇന്നു വരെ കാണാത്ത ഒരു പശ്ചാത്തലത്തില്‍ റസാഖിന്റെ പേന ചലിക്കുമ്പോള്‍ പരുന്തിന്റെ പരാജയത്തിന്റെ പാഠങ്ങള്‍ ടിയാന്‍ ഉള്‍ക്കൊളളുമെന്ന് ഞങ്ങള്‍ കരുതി. നിരാശയാണ് ഫലം.

  ഉജ്വലമായ ചിത്രങ്ങളൊരുക്കാവുന്ന പ്രമേയങ്ങളായിരുന്നിട്ടു കൂടി പരുന്തും മായാബസാറും പ്രതിഭയില്ലാത്ത തിരക്കഥാകൃത്ത് നശിപ്പിച്ചെന്നാണ് ഞങ്ങള്‍ കരുതുന്നത്.

  ആക്രി സിനിമയാണ് മായാബസാറെന്ന് ‍ഞങ്ങള്‍ വിശേഷിപ്പിച്ചാല്‍, പ്രിയപ്പെട്ട മമ്മൂക്കാ, പിണങ്ങരുത്. ഞങ്ങള്‍ സീറ്റില്‍ നിന്നെഴുന്നേറ്റു നിന്ന് കയ്യടിക്കുമെന്ന് കരുതിയാണല്ലോ അങ്ങയുടെ കഥാപാത്രവും കഥാഗതിയുടെ സഞ്ചാരവുമെല്ലാം റസാഖ് നിശ്ചയിച്ചു വെച്ചത്.

  എന്നാല്‍ പടം കണ്ടിരുന്നപ്പോള്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് തീയേറ്ററിന് പുറത്തേയ്ക്ക് ഓടാനാണ് തോന്നിയത്. എന്തിനാണ് അങ്ങ് തുടര്‍ച്ചയായി ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്? എന്തു തെറ്റാണ് ഞങ്ങള്‍ അങ്ങയോട് ചെയ്തത്..?

  ഒരെണ്ണം പോലും വിടാതെ മമ്മുക്കയുടെ ചിത്രങ്ങള്‍ ആദ്യദിവസം കാണാന്‍ പെടാപാടു പെടുന്ന ഞങ്ങളോട് ഇങ്ങനെ പെരുമാറിയാല്‍ പടച്ചവന്‍ പോലും പൊറുക്കില്ല. തിരക്കില്‍പ്പെട്ട് ഷര്‍ട്ടു കീറി, ഉടുമുണ്ടഴിഞ്ഞ്, ഒച്ചയടച്ച് വല്ലവിധേനെയും തീയേറ്ററിലെ ഇരുട്ടില്‍ സീറ്റു തപ്പിപ്പിടിക്കുമ്പോള്‍ ചെണ്ടമേളത്തേക്കാള്‍ ഒച്ചയിലാണ് ഹൃദയം മിടിക്കുന്നത്. സ്ക്രീനില്‍ തെളിയാന്‍ പോകുന്നത് നല്ല ചിത്രമാകണേയെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടണേയെന്നുമുളള പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നുമുണ്ടാകാറില്ല നമ്മുടെ മനസില്‍.

  മിടിക്കുന്ന ഹൃദയവുമായി, പ്രാര്‍ത്ഥനാനിരതമായി സിനിമ കാണാനിരിക്കുന്ന ഞങ്ങളുടെ മുന്നില്‍ എന്തിനാണ് മമ്മൂക്കാ ഈ അറുബോറന്‍ നൃത്തം? വയസ് പത്തറുപത് ആവാറായില്ലേ.. ഈ മുതുക്കു കൂത്തു കാണിച്ച് എന്തിനാണ് ഞങ്ങള്‍ ആരാധകരെ അങ്ങ് പരിഹസിക്കുന്നത്?

  ആയകാലത്തു പോലും നൃത്തത്തിന് വഴങ്ങാത്ത ഈ ശരീരത്തെ വയസാംകാലത്ത് എന്തിനാണ് ഇങ്ങനെ ആയാസപ്പെടുത്തുന്നത്? കിഴങ്ങന്‍മാരായ ഞങ്ങള്‍ ആരാധകരെ തരിമ്പും മാനിച്ചില്ലെങ്കിലും സ്വന്തം ശരീരത്തോട് ഒരു ബഹുമാനമൊക്കെ വേണ്ടേ..ആ ശരീരമല്ലേ മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയത്?

  സാധാരണ പ്രേക്ഷകന്റെ കാര്യം പോകട്ടെ, ആരാധകരായ ഞങ്ങള്‍ക്കു പോലും ഇഷ്ടപ്പെടുന്ന രീതിയില്‍ നൃത്തം ചെയ്യാന്‍ അങ്ങേയ്ക്ക് ഈ ജന്മം കഴിയില്ല. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നല്ല നടനുളള അവാര്‍ഡ് ഒന്നിലേറെ തവണ നേടിയ മമ്മൂക്ക, എത്രയോ ഉജ്വലമായ കഥാപാത്രങ്ങള്‍ക്ക് വേഷവും ഭാവവും പകര്‍ന്ന മമ്മൂക്ക ഇനി മോഹിനിയാട്ട പ്രതിഭ കൂടിയാണെന്ന് തെളിയിച്ചിട്ട് എന്തു കിട്ടാനാണ്? സുലുത്താത്ത പോലും സഹിക്കില്ലിക്കാ, അങ്ങയുടെ ഈ കോലം തുളളല്‍.

  ഇനിയും ഈ കൂത്താട്ടം നിര്‍ത്തിയില്ലെങ്കില്‍ അങ്ങേയ്ക്കെതിരെ ആരാധകര്‍ക്കു ക്രിമിനല്‍ കേസ് നല്‍കേണ്ടി വരും. ഏറെ അധ്വാനം സഹിച്ച് തീയേറ്ററിലെത്തുന്ന ഞങ്ങളെ നിര്‍ത്താതെ കൂവാനും പച്ചത്തെറി വിളിക്കാനും പ്രേരിപ്പിക്കുന്ന ഈ മുതുകൂത്ത് അങ്ങ് വെച്ചു കെട്ടണം.

  ഓരോരുത്തര്‍ക്കും പടച്ചവന്‍ ഓരോ കഴിവാണ് നല്‍കിയിരിക്കുന്നത്. പാട്ടും ആട്ടവുമൊന്നും താങ്കള്‍ക്ക് പറഞ്ഞിട്ടുളളതല്ല. പാടാനും ആടാനും കഴിയുന്നവര്‍ക്ക് താങ്കളെപ്പോലെ അഭിനയിക്കാനും കഴിയില്ല. ദയവായി അത് തിരിച്ചറിയുക.

  ഇക്ക ഡാന്‍സ് ചെയ്യുന്നത് കണ്ട് ജനം കയ്യടിക്കുന്നത് കണ്ടിട്ടേ മയ്യത്താവൂവെന്നൊരു നിര്‍ബന്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക. യന്ത്രമനുഷ്യന്റെ വഴക്കം പോലുമില്ലാത്ത കയ്യും കാലുമായി മോഹിനിയാട്ട പ്രതിഭയാകാന്‍ മോഹിക്കുന്നത് ഒരു വല്ലാത്ത അതിമോഹമാണ്.

  ഇക്കയുടെ ഡാന്‍സ് അസൈന്മെന്റുകളെല്ലാം പച്ചത്തെറി മുഴങ്ങുന്ന നിറഞ്ഞ കൂവലോടെ തീയേറ്ററുകളില്‍ സ്വീകരിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ ആരാധകരുടെ തൊലിയാണ് പൊളളിയിളകുന്നത്.

  പഴുപ്പൊലിക്കുന്ന ആ മുറിവില്‍ തേയ്ക്കാന്‍ കാന്താരിമുളകും ഉപ്പും സമം ചേര്‍ത്തരച്ച് തീയേറ്ററിനു പുറത്ത് മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടെന്ന് അങ്ങും കൂടി അറിയണം.

  കോടാലി കൊണ്ട് ഉച്ചി വെട്ടിപ്പിളര്‍ക്കുന്നതു പോലുളള അവരുടെ പരിഹാസം എത്രനാളായി ഞങ്ങള്‍ അനുഭവിക്കുകയാണെന്ന് അങ്ങ് അറിയുന്നുണ്ടോ? ഇതില്‍ നിന്ന് ഒരു മോചനമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പാപമാണോ മമ്മൂക്കാ...?

  മായാ ബസാറിന്റെ സംവിധായകന്‍ ഒരു പുതുമുഖമാണല്ലോ. തലപ്പാവ് എടുത്ത മധുപാലും ഒരു പുതുമുഖമാണ്. പടം ഓടുന്നില്ലെങ്കിലും ആ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പ്രശംസയുടെ പൂമെത്തയിലാണ് കിടക്കുന്നത്. തലയ്ക്കകത്ത് വല്ലതുമുളള സംവിധായകനും തിരക്കഥാകൃത്തിനും ഡേറ്റു കൊടുത്താല്‍ ചരിത്രത്തില്‍ ഇടും പിടിക്കുന്ന ചിത്രങ്ങള്‍ അവര്‍ താങ്കള്‍ക്കു വേണ്ടി സൃഷ്ടിക്കും. അതല്ല, റസാഖിനെയും സെബാസ്റ്റിയനെയും പോലുളള പാഴ്‍ജന്മങ്ങള്‍ക്കൊപ്പം ഡപ്പാന്‍കുത്തുമാടി നടക്കാനാണ് അങ്ങയുടെ ഉദ്ദേശമെങ്കില്‍, മമ്മൂട്ടി ആരാധകനെന്ന പദവി മുന്‍കാല പ്രാബല്യത്തോടെ രാജി വെയ്ക്കേണ്ടി വരും.

  പൊന്നിക്കാ, അതിന് ഞങ്ങളെ നിര്‍ബന്ധിക്കരുത്.. ഒരു മമ്മൂട്ടി ആരാധകനായി മരിക്കാനുളള ആഗ്രഹം പ്ലീസ് തകര്‍ക്കരുത്...

  നിറഞ്ഞ സ്നേഹത്തോടെ..

  അങ്ങയുടെ ഒരു ആരാധകന്‍
  (മായാ ബസാര്‍ കണ്ട് എഴുതിപ്പോകുന്നത്)

  ബന്ധപ്പെട്ട വാര്‍ത്തകള്‍

  മായാ ബസാര്‍ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X