മമ്മൂക്കയും ലാലേട്ടനും ജ്യേഷ്ഠന്മാരെ പോലെയാണ്! ലാലേട്ടന് ഒരു മെസേജ് അയച്ചതേയുള്ളുവെന്ന് ജയറാം!!
ജയറാം നായകവേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഗ്രാന്‍ഡ് ഫാദര്‍. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ദീപം തെളിയിച്ച് എന്റെ പുതിയ സിനിമക്ക് തുടക്കം കുറിക്കുന്നു എന്ന കാര്യം നേരത്തെ ജയറാം തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ദീപം തെളിയിച്ചിരിക്കുകയാണ്.
പൂജ ചടങ്ങുകള്‍ക്കെത്തിയ ഇരുവരെയും റോസപ്പൂ നല്‍കി, സ്‌നേഹചുംബനത്തോടെയാണ് ജയറാം സ്വീകരിച്ചത്. മമ്മൂക്കയും ലാലേട്ടനും തനിക്ക് ജ്യേഷ്ഠന്മാരെ പോലെയാണെന്നും ഒരു അനിയനോടുള്ള സ്‌നേഹവും കരുതലും താന്‍ സിനിമയിലെത്തിയ കാലം മുതല്‍ അവര്‍ കാണിക്കുന്നുണ്ടെന്നും ജയറാം പറയുന്നു. ലാലേട്ടനോട് പൂജയ്ക്ക് വരാമോ എന്ന് ഒരു മെസേജ് അയച്ചാണ് ചോദിച്ചത്. അതൊക്കെ ചോദിക്കണോ അനിയാ, എവിടെയാണ് ചടങ്ങ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂക്കയും അതുപോലെ തന്നെ. മൂന്നാം തീയ്യതി ഇവിടെ ഉണ്ടാകുമെന്ന് പറയുക മാത്രമല്ല, രാവിലെ മുതല്‍ ഹോട്ടലിലുണ്ടായിരുന്ന മമ്മൂക്ക വേദിയൊരുക്കുന്നതിനിടെ രണ്ട് തവണ ഇവിടെ എത്തി തുടങ്ങാറായോ എന്നന്വേഷിക്കുകയും ചെയ്തു.

ഇതൊരു അപൂര്‍വ്വ ചടങ്ങാണെന്ന് മമ്മൂട്ടി പറഞ്ഞു. സാധാരണ ഒരു സിനിമയുടെ പൂജയില്‍ ആ സിനിമയുമായി ബന്ധപ്പെട്ടവരാകും ഉണ്ടാവുക. എന്നാല്‍ ഇവിടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുമുണ്ട്. ഗ്രാന്‍ഡ് ഫാദറെന്ന സിനിമ പേര് പോലെ തന്നെ ഗ്രാന്‍ഡ് സക്‌സസ് ആകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. വളരെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു ചടങ്ങെന്നും ഞങ്ങളെ ഈ ചടങ്ങില്‍ വിളിച്ച ജയറാമിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറയുന്നു.
ഈ ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച് 2019 ലെ വിഷുവിന് മുന്നോടിയായി സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ജയറാം നായകനാവുമ്പോള്‍ ഊഴത്തിലെ നായിക ദിവ്യ പിള്ള, കുട്ടനാടന്‍ മാര്‍പാപ്പയിലെ സുരഭി സന്തോഷ്, എന്നിവരാണ് നായികമാര്‍. നടി അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗബിന്‍ ഷാഹിര്‍, ബാബുരാജ്, ബൈജു സന്തോഷ്, വിജയരാഘവന്‍, ഷറഫുദീന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി, സുനില്‍ സുഗത, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, ജഫാര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ എന്നിങ്ങനെ വമ്പന്‍ താരനിര സിനിമയിലുണ്ടാവുമെന്നും പറയുന്നു.


Click it and Unblock the Notifications











