മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന് പേരിട്ടോ? കണ്ടെത്തലുമായി സോഷ്യൽ മീഡിയ
മമ്മൂട്ടിയും മോഹൻലാലും ഒരു വലിയ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന് വേണ്ടിയാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ, ഒരു പ്രധാന കഥാപാത്രമായി മോഹൻലാൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എം.എം.എം.എൻ എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രത്തിന് പേരിട്ടു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ പേര് കണ്ടെത്തി സോഷ്യൽ മീഡിയ
കുറച്ചു കാലമായി മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ, പൊളിറ്റിക്കൽ ത്രില്ലറിന്റെ പുതിയ ഷെഡ്യൂൾ ഷൂട്ട് ശ്രീ ലങ്കയിൽ പുനരാരംഭിച്ചു. നായകൻ മമ്മൂട്ടി ഇനിയും ഷൂട്ടിങ് തുടങ്ങിട്ടില്ലെങ്കിലും, മോഹൻലാലും കുഞ്ചാക്കോ ബോബനും അടക്കമുള്ള മറ്റു താരങ്ങൾ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തു കഴിഞ്ഞു എന്ന് അടുത്തിടെ പുറത്തിറങ്ങിയ ലൊക്കേഷൻ ചിത്രങ്ങൾ സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെ ശ്രീലങ്ക ടൂറിസം വിഭാഗം തങ്ങളുടെ ഒഫീഷ്യൽ എക്സ് (twitter) പേജിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിൽ നിന്നാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. "തന്റെ പുതിയ മലയാള ചിത്രമായ പാട്രിയോട്ട് ചിത്രീകരിക്കുന്നതിനിടെ, ദക്ഷിണേന്ത്യൻ ഇതിഹാസം #മോഹൻലാൽശ്രീലങ്കയെ "ശരിക്കും ചിത്രീകരണത്തിന് അനുയോജ്യമായ ഒരു സ്ഥലമായി" എന്ന് വിശേഷിപ്പിച്ചു," ടൂറിസം ഡിപ്പാർട്മെന്റ് എക്സ് പേജിൽ കുറിച്ചു. ഒപ്പം, മോഹൻലാലും ശ്രീലങ്കൻ ടൂറിസത്തിന്റെ ഉന്നത ഉദ്ധ്യോഗസ്ഥരും അടങ്ങുന്ന ഒരു ചിത്രവും കാണാം.
ഇതോട് കൂടി, വളരെ നാളുകളായി കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ പേര് പാട്രിയോട്ട് എന്നാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ സജീവമായ മലയാളി പ്രേക്ഷകർ. എന്നാൽ, സംവിധായകൻ മഹേഷ് നാരായണനും ടീമും ഇപ്പോഴും ഈ കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, തന്റെ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന നായകൻ മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തിയാലുടൻ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേരും ഒഫീഷ്യൽ പോസ്റ്ററും റിലീസ് ചെയ്യാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

മമ്മൂട്ടി-മോഹൻലാൽ ചിത്രം: അറിയേണ്ടതെല്ലാം
ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത മമ്മൂട്ടി, ചികിത്സയും വിശ്രമവും കഴിഞ്ഞെത്തുമ്പോൾ ആദ്യം ജോയിൻ ചെയ്യുന്നത് മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ ആവുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റമുണ്ടെന്ന് വാർത്തകൾ നിഷേധിച്ച ടീം അംഗങ്ങൾ, നേരത്തെ തീരുമാനിച്ചത് പോലെ തന്നെ ബാക്കി ഷൂട്ടും നടക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. മമ്മൂട്ടി തിരിച്ചെത്തിയാൽ ആദ്യം ഷൂട്ട് ചെയ്യുക മോഹൻലാലിനൊപ്പമുള്ള സീനുകൾ ആവുമെന്നാണ് സൂചന.
മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നായികയാവുന്നത് പ്രശസ്ത നടി നയൻതാരയാണ്. ദർശന രാജേന്ദ്രൻ, രഞ്ജി പണിക്കർ, രാജീവ് മേനോൻ, സറിൻ ശിഹാബ്, ഗ്രേസ് ആന്റണി, സിദ്ദിഖ്, ഡാനിഷ് ഹുസൈൻ, പ്രകാശ് ബെലവാടി, രേവതി, തുടങ്ങിയവരും ചിത്രത്തിന്റെ താര നിരയിലുണ്ട്. സുഷിൻ ശ്യാമാണ് മഹേഷ് നാരായണൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നുണ്ട്. ഛായാഗ്രഹണം മനുഷ് നന്ദൻ.


Click it and Unblock the Notifications











