മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാർച്ച് 4 ന് എത്തില്ല, ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി, കാരണം...
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ദി പ്രീസ്റ്റ്'. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്. മാർച്ച് 4 നാണ് ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല രാജ്യങ്ങളിലെയും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയേറ്ററുകളില്‍ ദിവസേന നാല് ഷോകൾ നടത്താൻ കഴിയാത്തതിനാലുമാണ് റിലീസ് നീട്ടിയിരിക്കുന്നത്. സംവിധായകൻ ജോഫിൻ ടി ചാക്കോ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസ് നീട്ടിയതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംവിധായകന്റെ പോസ്റ്റ് ഇങ്ങനെ... സെക്കന്റ് ഷോ ഇല്ല, പ്രീസ്റ്റ് മർച്ച് 4 ൽ നിന്ന് റിലീസ് മറ്റി വയ്ക്കുന്നു. മറ്റ് രാജ്യങ്ങളിലെ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയും, കേരളത്തിൽ ഇപ്പോഴും 4 ഷോ നടത്തുവാനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതമായിരിക്കുകയാണ്. എന്നാണ് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സെക്കന്‍ഡ് ഷോ അനുവദിക്കാതെ കേരളത്തിലും ചിത്രം റിലീസ് ചെയ്യാനാവില്ലെന്ന് സംവിധായകന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് നീട്ടിയത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാർ എത്തുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ടീസറുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ കഥ സംവിധായകന്‍റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് മാറ്റി വയ്ക്കുകയായിരുന്നു.


Click it and Unblock the Notifications