'ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് 'ഉണ്ട'...!! രസകരമായ പോസ്റ്റുമായി തിരക്കഥകൃത്ത്
മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. കേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഛത്തീസ്ഗഡിലെ നക്സൽ ബാധ്യത പ്രദേശത്ത് ഡ്യൂട്ടിയ്ക്ക് എത്തുന്ന 10 അംഗ പോലീസ്കാരുടെ രസകരമായ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥകൃത്ത് ഹർഷാദ് ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് ദിനത്തിൽ തനിയ്ക്കുണ്ടായ രസകരമായ ഒരു അനുഭവവും സിനിമയും കോർത്തിണക്കി കൊണ്ടായിരുന്നു ഹർഷാദിന്റെ പോസ്റ്റ്.

ഇലക്ഷൻ ഡ്യൂട്ടി എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.രാവിലെത്തന്നെ ഒരു പോലീസുകാരൻ ബൈക്കിന് കൈകാണിച്ചു. കൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാൾ. വഴിയിലുടനീളം അയാൾ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂർ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവർത്തകർക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്."സാധാരണ ഏതെങ്കിലും പാർട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. "
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
"എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈൻഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാൻ തന്നെ വാങ്ങാന്ന് വിചാരിച്ചു."
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് 'ഉണ്ട' എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡിൽ...!എറങ്ങട്ടെ കാണണം.- എന്ന് കുറിച്ചു.
അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടിയക്കൊപ്പം ഷെൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോക്, ദിലീഷ് പോത്തൻ, കലഭവൻ ഷാജോൺ എന്നിവരും പ്രധാന വേഷത്തുലെത്തുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോർട്ട്, എന്നിവർ അതിഥി വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്. ജെമിനി സ്റ്റുഡിയോസ് മൂവി മിൽ എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഹർഷാദും ഖാലീദും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.


Click it and Unblock the Notifications