എന്റെ കുഞ്ഞാലിമരയ്ക്കാര്‍ മമ്മൂട്ടി തന്നെ: അമല്‍
ചരിത്രപുരുഷനായ കുഞ്ഞാലിമരയ്ക്കാരുടെ കഥ ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്ത വളരെ നേരത്തേ തന്നെ വന്നതാണ്. അമല്‍ നീരദാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് ആദ്യം വാര്‍ത്ത വന്നത്. കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തില്‍ മമ്മൂട്ടി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിന് പിന്നാലെ പ്രിയദര്‍ശനും-മോഹന്‍ലാലും ഒന്നിയ്ക്കുന്ന പുതിയ ചിത്രവും കുഞ്ഞാലിമരയ്ക്കാരുടെ കഥയാണെന്നമട്ടില്‍ റിപ്പോര്‍ട്ടുകള്‍ വന്നു.
ഇതിന് വിശദീകരണവുമായി പ്രിയദര്‍ശന്‍ രംഗത്തെത്തുകയും പുതിയ ചിത്രത്തിന്റെ വിഷയത്തെക്കുറിച്ച് വ്യക്തത വരുത്തുകയും ചെയ്തു. പക്ഷേ അപ്പോഴൊന്നും അമല്‍ നീരദ് തന്റെ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ച് അധികം കാര്യങ്ങളൊന്നും തുറന്നുപറഞ്ഞില്ല.

പക്ഷേ ഇപ്പോള്‍ തന്റെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അമല്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടിതന്നെയാണ് തന്റെ ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാരാകുന്നതെന്ന് അമല്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അമല്‍ പങ്കുവെച്ചത്.
ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാനവേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. ഉണ്ണി ആര്‍ സംഭാഷണം രചിയ്ക്കും. ഫെബ്രുവരിയില്‍ മലപ്പുറത്ത് ചിത്രീകരണം തുടങ്ങും. മലയാളത്തിലെ ഇതുവരെയുള്ളതില്‍ വച്ചേറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. ത്രിഡി സാങ്കേതിക വിദ്യയിലാണ് ചിത്രമൊരുക്കുന്നത്- അമല്‍ നീരദ് പറയുന്നു.


Click it and Unblock the Notifications











