ഡെറിക് അബ്രഹാമായി വന്ന് കോടികള്‍ പെട്ടിയിലാക്കി ഇക്കയുടെ മാസ്! തേരോട്ടം ഇവിടെ അവസാനിക്കുന്നില്ല!!
ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം റിലീസിനെത്തിയത്. ഡെറിക് അബ്രഹാം എന്ന വേഷത്തില്‍ മമ്മൂക്ക തകര്‍ത്തഭിനയിച്ചിരുന്നു. ബോക്‌സോഫീസില്‍ വലിയ തരംഗമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.
കേരളത്തില്‍ മാത്രമല്ല വിദേശത്തും മമ്മൂക്കയുടെ ഡെറിക് അബ്രഹാമിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മാത്രമല്ല മെഗാസ്റ്റാറിന്റെ കരിയറിലെ മികച്ചൊരു ഇമോഷണല്‍ ത്രില്ലര്‍ സിനിമയാവാനും അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരു അംഗീകാരം കൂടി സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്.

അബ്രഹാമിന്റെ സന്തതികള്‍
വലിയ പ്രതീക്ഷകളുമായി തിയറ്ററുകളിലേക്കെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഒരു ഇമോഷണല്‍ ത്രില്ലറായിരുന്നു. റംസാന് മുന്നോടിയാിയ ജൂണ്‍ പതിനാറിനാണ് സിനിമ റിലീസ് ചെയ്തത്. അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

വമ്പന്‍ സ്വീകരണം
റിലീസ് ദിവസം ആദ്യ പ്രദര്‍ശനം മുതല്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. റിലീസ് ദിവസം നിരവധി സ്‌പെഷ്യല്‍ ഷോ ഒരുക്കിയിട്ടും ആളുകളുടെ തിരക്ക് തീരുന്നില്ലായിരുന്നു. ടിക്കറ്റ് കിട്ടാതെ പലരും മടങ്ങി പോവുന്നതും ടിക്കറ്റിന് വേണ്ടിയുള്ള തിരക്കും ഒക്കെ കേരളത്തില്‍ സംഭവിച്ചിരുന്നു. നിപ്പാ വൈറസ് ബാധിച്ചിരുന്ന സമയമായിരുന്നിട്ടും ആദ്യ ദിവസത്തെ സെക്കന്‍ഡ് ഷോ യ്ക്ക് ശേഷം 60 പ്രദര്‍ശനങ്ങള്‍ കൂടി നടത്തിയിരുന്നു. അടുത്ത കാലത്തൊന്നും ഇതുപോലൊരു പ്രകടനം മറ്റൊരു സിനിമയും കാഴ്ച വെച്ചിരുന്നില്ല.

നൂറ് ദിവസങ്ങള്‍
ഇക്കൊല്ലത്തെ മമ്മൂട്ടിയുടെ ബ്ലോക്ലബസ്റ്റര്‍ മൂവിയായി മാറിയ അബ്രഹാമിന്റെ സന്തതികള്‍ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ചാണ് 100 ദിവസം പൂര്‍ത്തിയാക്കാന്‍ പോവുന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നത്. കേരളത്തിലെ പല സെന്ററുകളിലും ഇപ്പോഴും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

വാരിക്കൂട്ടിയത് കോടികള്‍
പ്രേക്ഷകരുടെ പൂര്‍ണമായ പിന്തുണ ലഭിച്ചതോടെ സിനിമ ബോക്‌സോഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. റിലീസ് ദിവസം മൂന്ന് മുതല്‍ നാല് കോടിയ്ക്ക് അടുത്ത് വരെ കളക്ഷന്‍ നേടിയിട്ടുണ്ടാവുമെന്നായിരുന്നു പ്രവചനം. സിനിമ പ്രദര്‍ശിപ്പിച്ച എല്ലാ സെന്ററുകളും ഹൗസ് ഫുള്ളായി മാറിയതോടെ പ്രവചനങ്ങള്‍ സത്യമാവുകയായിരുന്നു. അതിവേഗം കോടികള്‍ വാരിക്കൂട്ടി ഉയരങ്ങള്‍ കീഴടക്കാന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു.

വിദേശത്തും തരംഗം
കേരളത്തില്‍ റിലീസിനെത്തിയതിന് പിന്നാലെ വിദേശത്തേക്കും ചിത്രമെത്തിയിരുന്നു. അറുപതോളം തിയറ്ററുകളിലായിട്ടാണ് സിനിമ യുഎഇ/ജിസിസി സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒരു മാസത്തിനുള്ളില്‍ ഈ സെന്ററുകളില്‍ നിന്നും 10 കോടി മറികടന്നിരുന്നു. 1.05 കോടി നേടിയ ദി ഗ്രേറ്റ് ഫാദറാണ് യുഎഇ/ജിസിസി സെന്ററുകളില്‍ ഹിറ്റായ മറ്റൊരു മമ്മൂട്ടിച്ചിത്രം. ദി ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു അബ്രഹാമിന്റെ സന്തതികളുടെ യാത്ര. അമേരിക്കയില്‍ നിന്നും റെക്കോര്‍ഡ്് തന്നെയാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ വിജയക്കൊടി
നൂറ് കോടി ബജറ്റില്ലെങ്കിലും കോടികള്‍ വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്നായിരുന്നു റിലീസിന് മുന്‍പ് നിര്‍മാതാക്കളുടെ വാക്കുകള്‍ അതുപോലെ ഫലിച്ചതോടെ കേരളത്തിലും വിദേശത്തും ഒരുപോലെ ശ്രദ്ധനേടിയ ചിത്രം കൊച്ചി മള്‍ട്ടിപ്ലെക്സിലും തരംഗമായിരുന്നു. ഒരു കോടി പതിനഞ്ച് ലക്ഷം നേടിയാണ് അബ്രഹാമിന്റെ സന്തതികള്‍ മള്‍ട്ടിപ്ലെക്സിലെ പ്രദര്‍ശനം അവസാനിപ്പിച്ചത്.


Click it and Unblock the Notifications











